ബീഫ് കിട്ടാനില്ല; വില 20 രൂപ കൂട്ടി
ബീഫ് കിട്ടാനില്ല;  വില 20 രൂപ കൂട്ടി
Saturday, August 1, 2015 12:26 AM IST
തൃശൂര്‍: തമിഴ്നാട്ടില്‍ കന്നുകാലി വ്യാപാരികളുടെ സമരം തുടരുന്നതിനാല്‍ സംസ്ഥാനത്തുടനീളം ബീഫിനു കടുത്ത ക്ഷാമവും ഇരുപതു രൂപയുടെ വിലവര്‍ധനയും. സമരക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യാപാരികളുടെ യോഗം ഇന്നു പൊള്ളാച്ചിക്കടുത്ത ഒട്ടംഛത്രം കന്നുമാര്‍ക്കറ്റില്‍ ചേരുന്നുണ്ട്. 19ന് ആരംഭിച്ച സമരം അവസാനിച്ചില്ലെങ്കില്‍ കേരളത്തിലെ മിക്കയിടത്തും മാട്ടിറച്ചി കിട്ടില്ല.

കിലോഗ്രാമിന് 260 മുതല്‍ 280 രൂപ വരെയായിരുന്ന പശുവിറച്ചിക്ക് ഇപ്പോള്‍ 280 മുതല്‍ 300 വരെയായി. ഇറച്ചിവ്യാപാരികള്‍ കഴിഞ്ഞ 28, 29 തീയതികളില്‍ കടകളടച്ചിട്ടു ചെന്നൈയിലെ സമരത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ രണ്ടു ദിവസം ഹോട്ടലുകളിലും ബീഫ് കിട്ടാത്ത അവസ്ഥയായിരുന്നു.

കന്നുകാലികളെ കൊണ്ടുവരുന്ന ലോറികള്‍ മൃഗക്ഷേമ ബോര്‍ഡിലെയും പോലീസിലെയും ഉദ്യോഗസ്ഥരും ചില സംഘടനകളുടെ പ്രവര്‍ത്തകരും തടയുന്നതാണു പ്രശ്നത്തിനു കാരണം. ഭീമമായ പിഴ ചുമത്തുകയും നിയമനടപടികളെടുക്കുകയുമാണ്. കസ്റഡിയിലെടുക്കുന്ന ലോറി വിട്ടുകിട്ടുന്നില്ല.


കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുന്നൂറിലേറെ ലോറികളാണ് ഇങ്ങനെ പിടിച്ചെടുത്തത്. ഇതുമൂലം ഭീമമായ നഷ്ടമാണു തങ്ങള്‍ക്കുണ്ടാകുന്നതെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു.

ലോറിയില്‍ എട്ടു കന്നുകാലികളെ മാത്രമേ കയറ്റാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ കന്നുകാലികളെ കയറ്റിയില്ലെങ്കില്‍ ഗതാഗതച്ചെലവ് താങ്ങാനാവില്ലെന്നാണു വ്യാപാരികളുടെ വാദം.

ആന്ധ്ര, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു ലോറികളിലാക്കിയാണു കന്നുകാലികളെ കൊണ്ടുവരാറുള്ളത്. കന്നുകാലി വ്യാപാരത്തിന്റെ തെന്നിന്ത്യയിലെത്തന്നെ പ്രധാന കേന്ദ്രങ്ങള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചി അടക്കമുള്ള സ്ഥലങ്ങളാണ്.

ഉദ്യോഗസ്ഥര്‍ക്കു പുറമേ, പശുപ്രേമികളും മൃഗപ്രേമികളും കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞു ഭീഷണിപ്പെടുത്തി കന്നുകാലികളെ അഴിച്ചുവിടുകയോ ഗോശാലകളിലേക്കു മാറ്റുകയോ ചെയ്യുന്നതും പതിവാണ്. ഇത്തരം ഗുണ്ടാരാജിനെതിരേ നടപടിയെടുക്കണമെന്നും കന്നുകാലി വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.