പഞ്ചായത്തു സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
Saturday, August 1, 2015 12:19 AM IST
സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ പഞ്ചായത്തുകള്‍ തോറും കെല്‍ട്രോണുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ജനങ്ങള്‍ക്കാവശ്യമായ വിവരങ്ങളറിയിക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെയാണു പഞ്ചായത്തുകളില്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നത്.

അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സേവനം കാര്യക്ഷമമല്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണു കിയോസ്കുകള്‍ സ്ഥാപിക്കണമെന്ന തദ്ദേശവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ്. കിയോസ്കിനെ ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയല്‍ നീക്കമുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. കളക്ടറേറ്റ് പോലുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണു നിലവില്‍ കിയോസ്കുകള്‍ നിലവിലുള്ളത്. ഇതു പഞ്ചായത്തുകളിലേക്കു വ്യാപിക്കുമ്പോള്‍ ഭരണക്രമം കൂടുതല്‍ സുതാര്യമാകുമെന്നാണു പ്രതീക്ഷ. ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിയോസ്കുകള്‍ വാങ്ങണമെന്നാണ് ഉത്തരവ്.

1,28,000 രൂപ വിലയുള്ള ഇന്‍ഫര്‍മേഷന്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ഒരാഴ്ചയ്ക്കകം കെല്‍ട്രോണുമായി കരാറിലേര്‍പ്പെടണമെന്നും കിയോസ്കുമായി ബന്ധപ്പെട്ട പരാതി രജിസ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ പകരം കിയോസ്കുകള്‍ സ്ഥാപിക്കണമെന്നും കരാര്‍ ഉണ്ടാക്കണമെന്നുമാണു നിര്‍ദേശം. ഇതിനു സാധിച്ചില്ലെങ്കില്‍ കെല്‍ട്രോണില്‍നിന്നു നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതുപയോഗിക്കുന്ന രീതി പൊതുജനങ്ങളെ പഠിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്വേറാണു കിയോസ്കില്‍ ഉപയോഗിക്കുക. ഈ സോഫ്റ്റ്വേറില്‍ തെറ്റുകളില്ലെന്നും അവര്‍ ഉറപ്പുവരുത്തണം.


പഞ്ചായത്തുകളുടെ ധനസ്ഥിതി അനുസരിച്ച് എല്ലാ നികുതിയും മൂന്നു വര്‍ഷത്തെ വാറന്റിയും അടക്കമാണ് കിയോസ്കിന് 1.28 ലക്ഷം രൂപ നല്‍കേണ്ടത്. നാലാമത്തെ വര്‍ഷം മുതല്‍ വാങ്ങിയ വിലയുടെ എട്ടു ശതമാനം നിരക്കില്‍ 10,240 രൂപ വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടും (എഎംസി) 14 ശതമാനം നിരക്കില്‍ 1434 രൂപയുടെ സേവനനികുതിയും ഉള്‍പ്പെടെ 11,674 രൂപ പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നു സാമ്പത്തിക വര്‍ഷം കണക്കാക്കി രണ്ടു ഗഡുവായി നല്‍കണം. തുടര്‍ന്നുള്ള ഓരോ വര്‍ഷവും കരാര്‍ പുതുക്കുകയും സേവനനികുതി അടയ്ക്കുകയും വേണം. പഞ്ചായത്തുകള്‍ തന്നെയാണ് കെല്‍ട്രോണുമായി എഎംസി കരാര്‍ ഉണ്ടാക്കേണ്ടത്. പഞ്ചായത്തുകള്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്േടാ എന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഉറപ്പുവരുത്തണം. ഇതിനായി ഏകീകൃത രൂപത്തിലുള്ള കരാര്‍ തയാറാക്കി നല്‍കേണ്ടതും ഇന്‍ഫര്‍മേഷന്‍ മിഷനാണെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു വര്‍ഷ വാറന്റി കാലയളവിനുശേഷം കിയോസ്കുകള്‍ക്ക് എഎംസി എടുക്കാനുള്ള നടപടിയും ഇന്‍ഫര്‍മേഷന്‍ മിഷന്റെ നേതൃത്വത്തിലാണു നടത്തേണ്ടത്. കെല്‍ട്രോണുമായി കരാര്‍ ഉണ്ടാക്കാത്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായിരിക്കും.

സോഫ്റ്റ്വേറില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടറേറ്റും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും മൂല്യനിര്‍ണയം നടത്താനും റെഗുലര്‍ അപ്ഡേറ്റിംഗ് വരുത്താനുണ്േടാ എന്ന് അറിയാനുമുള്ള സംവിധാനവും വേണം. മൂന്നു മാസം കൂടുമ്പോള്‍ കെല്‍ട്രോണ്‍ കിയോസ്കുകളുടെ പരിശോധന നടത്തണം. അതു നടത്തുന്നുണ്േടാ എന്ന് ഉറപ്പുവരുത്തേണ്ടത് ഇന്‍ഫര്‍മേഷന്‍ മിഷനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.