കാര്‍ പാറമടയില്‍ വീണ സംഭവം: ദുരൂഹതകള്‍ ഏറെ
കാര്‍ പാറമടയില്‍ വീണ സംഭവം: ദുരൂഹതകള്‍ ഏറെ
Tuesday, August 4, 2015 12:33 AM IST
കോലഞ്ചേരി: കാര്‍ പാറമടയിലേക്കു വീണു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറെ. ഇടുക്കി സേനാപതി സ്വദേശിയും ജല അഥോറിറ്റി അസിസ്റന്റ് എന്‍ജിനിയറുമായ തൊടുപുഴ ആദിത്യാ നിവാസില്‍ ബിജു (42), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (ഏഴ്), സൂര്യ(നാല്) എന്നിവരാണു ശാസ്താംമുകളിലെ പാറമടയില്‍ മരിച്ചത്.

ആത്മഹത്യയാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവത്തിലെ പൊരുത്തക്കേടുകള്‍ കൊലപാതകം വരെ ആകാമെന്ന സംശയവും ജനിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണു സംഭവമെന്നു കരുതുന്നു. എറണാകുളത്തു ഷോപ്പിംഗിനു പോയിരുന്ന ഇവര്‍ രാത്രി 10.30ഓടെ അവിടെനിന്നു മടങ്ങുന്നതായി സുഹൃത്തുക്കളെ ഫോണില്‍ അറിയിച്ചിരുന്നു. എറണാകുളത്തുനിന്നു തൊടുപുഴയ്ക്കു മടങ്ങും വഴി കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നേരേ പോകേണ്ട വാഹനം റോഡിന്റെ വലതുഭാഗത്തേക്കു തിരിഞ്ഞ് ഏകദേശം 30 മീറ്റര്‍ ഇടറോഡിലേക്കു കയറി പാറമടയില്‍ വീണതാണു ദുരൂഹത സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതിന്റെ യാതൊരു അടയാളവുമില്ല. ഇടറോഡില്‍ ഇവരുടെ കാറിന്റെ ടയറുകളുടെ പാടു മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

വേലിക്കെട്ട് ഇടിച്ചുതകര്‍ത്താണു കാര്‍ 200 അടിയോളം താഴ്ച്ചയുള്ള പാറമടയില്‍ വീണത്. 150 അടിയോളം വെള്ളമുള്ള പാറമടയില്‍നിന്നു പുറത്തെടുത്ത ടാറ്റാ സഫാരി കാര്‍ പൂര്‍ണമായും തകര്‍ന്നതും ദുരൂഹത കൂട്ടുന്നു. വേലിക്കെട്ടില്‍ ഇടിച്ചതല്ലാതെ മറ്റെങ്ങും കാര്‍ ഇടിച്ച ലക്ഷണമില്ല. അങ്ങനെയെങ്കില്‍ വാഹനം ഇത്രയും തകര്‍ന്നതെങ്ങനെ എന്ന ചോദ്യം ബാക്കിയാണ്. ഷീബയുടെ കൈത്തണ്ട മുറിഞ്ഞതായി പോലീസ് കണ്െടത്തിയിട്ടുണ്ട്. ഇവര്‍ ആത്മഹത്യ ചെയ്യാന്‍ ഒരു സാഹചര്യവുമില്ലെന്നാണ് ഇവരുടെ സഹപ്രവര്‍ത്തകരും അയല്‍വാസികളും പറയുന്നത്. സാമ്പത്തികമായോ ദാമ്പത്യപരമായോ ഒരു പ്രശ്നവും ഇവര്‍ക്കുള്ളതായി അറിവില്ല.

സന്തോഷകരമായ കുടുംബജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. എല്ലാ ആഴ്ചയും അവധി ദിവസങ്ങളില്‍ കുടുംബസമേതം യാത്രപോകുന്നത് ഇവരുടെ ശീലമാണ്. ഇത്തരം ഒരു യാത്രയിലാണു ദുരന്തം സംഭവിച്ചത്.

വില്ലകള്‍ നിര്‍മിച്ചുനല്‍കുന്ന ആദിത്യ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണറാണു ഷീബ. നിര്‍മാണ മേഖലയിലെ ഇവരുടെ പ്രവര്‍ത്തനവും ബിജുവിന്റെ ജോലി സംബന്ധമായ കാര്യങ്ങളും സംബന്ധിച്ചു പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

150 അടി ആഴത്തില്‍ മുങ്ങിയത് സ്കൂബാ ഡൈവിംഗ് സംഘം


കോലഞ്ചേരി: ചുവന്ന സാരിയുടുത്ത യുവതിയുടെ മൃതദേഹം ശാസ്താംമുകളിലെ പാറമടയില്‍ ആദ്യം കണ്ടതു രാവിലെ എട്ടോടെ സ്കൂളിലേക്കു കൂട്ടികളെ വിടാനെത്തിയ നാട്ടുകാരില്‍ ചിലരാണ്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നു ചോറ്റാനിക്കര പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ പാറമടയില്‍ വാഹനത്തിന്റെ ടയറും സംരക്ഷണവേലി തകര്‍ന്നതായും കണ്െടത്തുകയായിരുന്നു. ഇതോടെയാണു തൊടുപുഴ സ്വദേശികളായ നാലംഗ കുടുംബം അപകടത്തില്‍പെട്ട വിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്നു തൃപ്പൂണിത്തുറയില്‍നിന്നു ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി 9.30ഓടെ പാറമടയില്‍ കാണപ്പെട്ട ഷീബയുടെ മൃതദേഹം കരയ്ക്കെത്തിച്ചു.

ഷീബയുടെ മൃതദേഹം അവരുടെ കമ്പനിയിലെ ജീവനക്കാരന്‍ തിരിച്ചറിഞ്ഞതോടെ അപകടത്തില്‍ മൂന്നുപേരുകൂടി ഉള്‍പ്പെട്ടിട്ടുണ്െടന്ന് ഉറപ്പായി. ഇതോടെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നു പ്രാഥമിക തെരച്ചില്‍ നടത്തിയെങ്കിലും 200 അടി താഴ്ചയുള്ള പാറമടയില്‍ 150 അടിയോളം വെള്ളത്തില്‍ താഴ്ന്നുകിടന്നിരുന്ന വാഹനം കണ്െടത്താനായില്ല. ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് ടീം ദൌത്യം ഏറ്റെടുത്തു. 10.30ഓടെ തെരച്ചില്‍ ആരംഭിച്ച മുങ്ങല്‍ വിദഗ്ധരുടെ സംഘം 11ഓടെ പാറമടയുടെ 150 അടി താഴ്ച്ചയില്‍ വാഹനം കണ്െടത്തി.

വാഹനത്തിനു പുറത്തായി കുടുങ്ങിക്കിടന്ന സൂര്യയുടെ (കിച്ചു-നാല്) മൃതദേഹമാണ് ആദ്യം കണ്െടത്തിയത്. 11.30ഓടെ കുട്ടിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. തുടര്‍ന്നു ഫയര്‍ഫോഴ്സിന്റെ ക്രെയിന്‍ ഉപയോഗിച്ചു വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മര്‍ദം കൂടുതലായതിനാല്‍ ഉയര്‍ത്താനായില്ല. പിന്നീടു വലിയ ക്രെയിന്‍ കൊണ്ടുവന്ന് 50 അടിയോളം വാഹനം ഉയര്‍ത്തിയാണു മീനാക്ഷിയുടെ (ഏഴ്) മൃതദേഹം വാഹനത്തിനുള്ളില്‍നിന്നു പുറത്തെടുത്ത്. ബിജുവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കുടുങ്ങി ഞെരിഞ്ഞിരുന്നതിനാല്‍ കാര്‍ ജലനിരപ്പിനു മീതെ എത്തിച്ചശേഷം ഉച്ചയ്ക്ക് 1.30ഓടെയാണു കരയ്ക്കെത്തിച്ചത്. രണ്േടാടെ വാഹനം ഉയര്‍ത്തി കരയ്ക്കെത്തിച്ചു. ഫയര്‍ഫോഴ്സ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍. പ്രസാദിന്റെ നേതൃത്വത്തില്‍ മുപ്പതോളം ഫയര്‍ഫോഴ്സ് അംഗങ്ങളാണു ദൌത്യത്തില്‍ പങ്കെടുത്തത്.

മൂന്നുമണിക്കൂറോളം നീണ്ട ഉദ്യമത്തിനൊടുവിലാണ് അപകടത്തില്‍പെട്ട എല്ലാവരുടെയും മൃതദേഹം കരയ്ക്കെത്തിച്ചത്. 200 അടിയോളം താഴ്ച്ചയുള്ള പാറമടയായതില്‍ ദൌത്യം ഏറെ ദുഷ്കരമായിരുന്നെന്നു സ്കൂബ ടീമിനു നേതൃത്വം നല്‍കിയ ജോണ്‍ ജി. പ്ളാക്കില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.