ട്രെയിനില്‍ യുവതി പ്രസവിച്ചു; മലയാളി നഴ്സുമാര്‍ ശുശ്രൂഷകരായി
ട്രെയിനില്‍ യുവതി പ്രസവിച്ചു; മലയാളി നഴ്സുമാര്‍ ശുശ്രൂഷകരായി
Wednesday, August 5, 2015 12:36 AM IST
കോട്ടയം: മുംബൈയില്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ യുവതി പ്രസവിച്ചു. മലയാളി നഴ്സുമാര്‍ ശുശ്രൂഷകരായി. മുംബൈ മാന്‍ഗസൂറില്‍നിന്നു ബൈക്കുളയിലേക്കുപോയ സിറ്റി ട്രെയിനിലെ ലേഡീസ് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ പ്രസവിച്ച മുംബൈ സ്വദേശിനി സാമാ ഷെയ്ക്കിനാണു മലയാളി നഴ്സുമാര്‍ ശുശ്രൂഷകരായത്.

തൊടുപുഴ വണ്ണപ്പുറം തോപ്പില്‍ മിനി ടാജു, കട്ടപ്പന വെള്ളിലാങ്കണ്ടം പുന്നക്കുഴിയില്‍ സലിമോള്‍ സാജു എന്നി നഴ്സുമാരാണു മുംബൈയ്ക്കടുത്തു സേവേരിയില്‍വച്ചു ഇന്നലെ രാവിലെ 8.50നു ട്രെയിനില്‍ പ്രസവം എടുത്തത്. മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ആശുപത്രിയിലെ സ്റാഫ് നഴ്സുമാരായ ഇരുവരും ജോലി സംബന്ധമായ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ പോകുകുകയായിരുന്നു.

പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നു സാമ ഭര്‍തൃമാതാവിനൊപ്പം ട്രെയിനില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വേദന കലശലായതോടെ സമീപ സീറ്റില്‍ യാത്രചെയ്തിരുന്ന മറ്റുസ്ത്രീകളെ മാറ്റി സീറ്റില്‍ തന്നെ പ്രസവം നടത്തി. ഒരു യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന കത്രിക വാങ്ങി പൊക്കില്‍കൊടി മുറിച്ചു.


സാധ്യമായ രീതിയില്‍ മറ്റു ശുശ്രൂഷകളും നടത്തി. ട്രെയിന്‍ തൊട്ടടുത്തു സേവേരിയില്‍ എത്തിയപ്പോള്‍ ആണ്‍കുഞ്ഞിനെ തൂണിയില്‍ പൊതിഞ്ഞു സാമയുടെ കൈയും പിടിച്ചു നഴ്സുമാര്‍ പ്ളാറ്റ് ഫോമിലേക്ക് ഇറങ്ങി. റെയില്‍വേ പോലീസിന്റെ സാഹായത്തോടെ ഇരുവരും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. വൈകാതെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും മുംബൈയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.