മുഖപ്രസംഗം: ജീവരക്ഷാ സാമഗ്രികളില്ലാതെ ബോട്ടുകള്‍ ഇറക്കരുത്
Friday, August 28, 2015 1:15 AM IST
ഫോര്‍ട്ട് കൊച്ചിയില്‍നിന്നു വൈപ്പിനിലേക്കു പോയ യാത്രാബോട്ടില്‍ മത്സ്യബന്ധനബോട്ടിടിച്ചുണ്ടായ അപകടം ജലാശയങ്ങളും ജലയാത്രകളുമായി ബന്ധപ്പെട്ടു കേരളത്തില്‍ അടുത്തകാലത്തുണ്ടായ അനേകം ദുരന്തങ്ങളില്‍ ഏറ്റവും പുതിയതാണ്. ആറു പേര്‍ മരിച്ച ഈ അപകടത്തില്‍ യാത്രക്കാരില്‍ ഒട്ടുമിക്കവരെയും നാട്ടുകാരുടെ സമയോചിത പ്രയത്നംകൊണ്ടു രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ രണ്ടായി മുറിഞ്ഞ യാത്രാബോട്ട് പൂര്‍ണമായി വെള്ളത്തില്‍ താഴ്ന്നു. നമ്മുടെ ജലപാതകളില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളില്‍ പലതിന്റെയും ദാരുണമായ അവസ്ഥ വ്യക്തമാക്കുന്നതാണീ അപകടം.

മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലന ബോട്ടപകടം നടന്നിട്ട് ഒരു നൂറ്റാണ്ടാകുന്നു. അതിനുശേഷം ബോട്ടുയാത്ര സുരക്ഷിതമാക്കാന്‍ എത്രയോ സാങ്കേതിക സൌകര്യങ്ങള്‍ കൂടുതലായി ഉണ്ടായി. എന്നിട്ടും അപകടങ്ങള്‍ സംഭവിക്കുന്നു. 2002 ജൂലൈ 27 രാവിലെ നിറയെ യാത്രക്കാരുമായി മുഹമ്മയില്‍നിന്നു കുമരകത്തേക്കു യാത്രതിരിച്ച ജലഗതാഗതവകുപ്പുവക യാത്രാബോട്ട് കുമരകം ജെട്ടിയില്‍ എത്തുന്നതിനു മുമ്പു കായലില്‍ മുങ്ങിത്താണു. ബോട്ടില്‍ കയറ്റാവുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കയറിയതായിരുന്നു അപകടകാരണം. ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജുഡീഷല്‍ കമ്മീഷന്‍ പല നിര്‍ദേശങ്ങളും വച്ചു. ആവശ്യത്തിനു ലൈഫ് ജാക്കറ്റുകള്‍ യാത്രാബോട്ടുകളില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദേശംപോലും പൂര്‍ണമായി നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അപകടമുണ്ടാകുമ്പോള്‍ കുറെ പരിശോധനകള്‍ നടത്തും, നിര്‍ദേശങ്ങള്‍ നല്‍കും; കുറെക്കഴിയുമ്പോള്‍ എല്ലാം പഴയപടിയാകുമെന്നതാണ് അനുഭവം.

വിനോദസഞ്ചാരമേഖലകളിലെ ജലയാത്രകളിലാണു കൂടുതലായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഹൌസ്ബോട്ടുകളില്‍ കായല്‍യാത്ര നടത്തുന്നവര്‍ അപകടത്തില്‍പെടുന്നതു പതിവായിട്ടുണ്ട്. ബീച്ചില്‍ എത്തുന്നവര്‍ ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കടലിലിറങ്ങി അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും കുറവല്ല. 2009 സെപ്റ്റംബറില്‍ തേക്കടിയില്‍ കേരള ടൂറിസം വികസന കോര്‍പറേഷന്റെ 'ജലകന്യക' ബോട്ട് മറിഞ്ഞു 45 പേരാണു മരിച്ചത്. സര്‍വീസ് ആരംഭിച്ച് 45-ാം ദിനം അപകടത്തില്‍പ്പെട്ട ബോട്ടിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടായിരുന്നതായി പറയപ്പെടുന്നു. ബോട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തെക്കുറിച്ചു ബോട്ട് ദുരന്തം അന്വേഷിച്ച ജസ്റീസ് ഇ. മൈതീന്‍ കുഞ്ഞ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തട്ടേക്കാട്ട് 2007 ഫെബ്രുവരിയില്‍ നടന്ന ബോട്ടപകടത്തില്‍ വിനോദയാത്രാ സംഘത്തിലെ കുട്ടികളും അധ്യാപകരുമുള്‍പ്പെടെ 18 പേരാണു മരിച്ചത്. പെരിയാറിലും പേപ്പാറ അണക്കെട്ടിലും കണ്ണമാലിയിലും വല്ലാര്‍പാടത്തുമൊക്കെ നടന്ന ബോട്ടപകടങ്ങള്‍ എത്രയോ കുടുംബങ്ങളെയാണു കണ്ണീരിലാഴ്ത്തിയത്.

ഉദ്യോഗസ്ഥര്‍ മാത്രമല്ല, യാത്രക്കാരും ഇത്തരം യാത്രകളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ബോട്ടില്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ കയറുന്നത് അപകടകരമാണെന്നു ജീവനക്കാര്‍ മുന്നറിയിപ്പു കൊടുത്താലും പല യാത്രക്കാരും മാറിനില്‍ക്കില്ല. ഒരു ബോട്ട് പോയിക്കഴിഞ്ഞാല്‍ പിന്നീട് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നതുകൊണ്ടാകാം ഇത്. യാത്രയ്ക്കു പതിവായി ബോട്ടിനെ മാത്രം ആശ്രയിക്കുന്ന ധാരാളം ജനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ പലര്‍ക്കും നീന്തല്‍ വശമുണ്െടങ്കിലും അപകടത്തില്‍പ്പെടുന്ന സ്ത്രീകളുടെയും പ്രായമായവരുടെയും കാര്യം ദയനീയമാണ്. പെട്ടെന്ന് അപകടമുണ്ടായാല്‍ പലരും ഇതികര്‍ത്തവ്യതാമൂഢരായിപ്പോയെന്നും വരാം. വെള്ളത്തില്‍ ശ്വാസം മുട്ടി പെട്ടെന്നു മരണമുണ്ടാകാം. ഫോര്‍ട്ട് കൊച്ചി അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന ഡീസല്‍ വെള്ളത്തില്‍ കലര്‍ന്ന് അതു ശ്വാസകോശത്തില്‍ പ്രവേശിച്ചു കെമിക്കല്‍ ന്യൂമോണിയ പിടിപെട്ടതു പലര്‍ക്കും മരണകാരണമായി.


ഹൌസ് ബോട്ടുകളും ഇതര ടൂറിസ്റ് ബോട്ടുകളും യഥാകാലം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. യാത്രാബോട്ടുകള്‍ക്കും ഇത് ആവശ്യമാണ്. അക്കാര്യത്തില്‍ പരിശോധന കര്‍ശനമാക്കുകതന്നെവേണം. ഫോര്‍ട്ട്കൊച്ചിയില്‍ ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിനു മുപ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ട്. അതില്‍ ആകെയുണ്ടായിരുന്നതു മൂന്നു ലൈഫ് ജാക്കറ്റുകള്‍! ഫോര്‍ട്ട് കൊച്ചി- വൈപ്പിന്‍ ഫെറി ബോട്ട് സര്‍വീസിന്റെ ചുമതലയുള്ള കൊച്ചിന്‍ കോര്‍പറേഷന്‍ ബോട്ടിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ എന്തെങ്കിലും ചെയ്തിരുന്നതായി അറിവില്ല. ഫെറി സര്‍വീസ് ലേലം ചെയ്തു കൊടുത്തതുകൊണ്ടുമാത്രം കോര്‍പറേഷന്റെ ചുമതല തീരുന്നില്ല. വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണു ബോട്ടുകള്‍ അവിടെ സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ കോര്‍പറേഷനു ചുമതലയില്ലേ?

ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസിന് ഉപയോഗിക്കുന്ന ബോട്ടിന്റെ പഴക്കത്തെക്കുറിച്ചും അതിന്റെ അപകടസാധ്യതയെക്കുറിച്ചും ജനങ്ങള്‍ പലതവണ അധികൃതരെ അറിയിച്ചിരുന്നത്രേ. എന്നിട്ടും വേണ്ട നടപടികളെടുക്കാതിരുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെ. അപകടമുണ്ടായ ഉടന്‍ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ നാട്ടുകാരുടെ സേവനം ഏറെ പ്രശംസനീയമാണ്. മുപ്പതോളം പേരെ രക്ഷപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. അപകടരംഗങ്ങളില്‍ ജനങ്ങളുടെ അത്മാര്‍ഥവും സജീവവുമായ ഇടപെടല്‍ ഇത്രയധികം ഉണ്ടാവുക വിരളമാണ്. ഫോര്‍ട്ട് കൊച്ചിക്കാര്‍ അതിനു പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നാട്ടുകാര്‍ക്കു പിന്നാലെ പോലീസും ഫയര്‍ഫോഴ്സും നാവികസേനയും തീരസംരക്ഷണ സേനയുമൊക്കെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാകാവുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുകയെന്നത് അധികൃതര്‍ തങ്ങളുടെ അടിസ്ഥാനധര്‍മമായി കാണണം. ഇതിനുമുമ്പുണ്ടായ ബോട്ടപകടങ്ങളില്‍ അന്വേഷണം നടത്തിയ കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ ഇനിയെങ്കിലും പഠിച്ചു നടപ്പാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.