പൂക്കളമിട്ടും കുശലം പറഞ്ഞും പിണറായി; അദ്ഭുതത്തോടെ ധര്‍മടത്തുകാര്‍
പൂക്കളമിട്ടും കുശലം പറഞ്ഞും പിണറായി; അദ്ഭുതത്തോടെ ധര്‍മടത്തുകാര്‍
Friday, August 28, 2015 1:29 AM IST
തലശേരി: ഓണപ്പൂക്കളമിട്ടും നാട്ടുകാരോടു പതിവിനു വിപരീതമായി ചിരിച്ചും തമാശ പറഞ്ഞും കുശലാന്വേഷണം നടത്തിയും പിണറായി വിജയന്‍ ധര്‍മടത്ത് ഓണാഘോഷത്തില്‍ മുഖ്യതാരമായി മാറി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ രംഗത്തെത്തുമെന്ന പ്രചാരണം ശക്തമായിരിക്കെയാണു ധര്‍മടം നിയോജക മണ്ഡലത്തിലെ ചിറക്കുനിയില്‍ പൊതുപരിപാടിയില്‍ രണ്ടുമണിക്കൂര്‍ സമയം ചെലവഴിച്ചു പിണറായി പാര്‍ട്ടി കോട്ടയായ ധര്‍മടം മണ്ഡലത്തില്‍ തന്റെ സാന്നിധ്യമറിയിച്ചു രംഗത്തെത്തിയത്.

പിണറായി മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഏറ്റവും ആദ്യം പരിഗണിക്കുന്ന മണ്ഡലമായാണു ധര്‍മടത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു ധര്‍മടത്തെ നാട്ടുസേവകരും ശ്രദ്ധേയ വ്യക്തിത്വങ്ങളുമായ 60 വയസിനു മുകളിലുള്ളവരെ ആദരിക്കുന്നതുമായ മാനുഷം പരിപാടിയിലാണ് ഉദ്ഘാടകനായി പിണറായി എത്തിയത്.


ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ചിറക്കുനിയിലെത്തിയ പിണറായി രണ്ടുവരെയാണ് അവിടെ ചെലവഴിച്ചത്. നാട്ടുകാരോടൊപ്പം ഓണപ്പൂക്കളമിട്ട പിണറായി ധര്‍മടത്തുനിന്നു വിവിധ മേഖലകളിലായി വ്യക്തിമുദ്രപതിപ്പിച്ച 30 പേരെ ആദരിക്കുകയും ചെയ്തു. ഗൌരവത്തോടെ നാട്ടുകാര്‍ കണ്ടിട്ടുള്ള പിണറായി ചിരിച്ചുകൊണ്ടു നാട്ടുകാരോടൊപ്പം ഓണപ്പൂക്കളമിടാന്‍ തയാറായതു ധര്‍മടത്തുകാര്‍ക്കു പുത്തന്‍ അനുഭവമായി. തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന പിണറായിയുടെ പുതിയ മുഖമാണു ചിറക്കുനിയില്‍ കണ്ടതെന്നാണു ജനസംസാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.