ലോ കമ്മീഷന്‍ ശിപാര്‍ശ സ്വാഗതാര്‍ഹം: കെസിബിസി
Wednesday, September 2, 2015 11:30 PM IST
കൊച്ചി: വധശിക്ഷ ചില പ്രത്യേക വകുപ്പുകളിലേക്കു പരിമിതപ്പെടുത്തി ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ലോ കമ്മീഷന്‍ ശിപാര്‍ശ സ്വാഗതാര്‍ഹമാണെന്നു കേരള കത്തോലിക്ക മെത്രാന്‍സമിതി. വധശിക്ഷ പൂര്‍ണമായി ഒഴിവാക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണിത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ശ്രമത്തില്‍ ഭരണകൂടത്തിനുതന്നെ ജീവനെടുക്കേണ്ടിവരുന്നു എന്നതാണു വധശിക്ഷയിലെ വൈരുധ്യം.

പരിവര്‍ത്തനവിധേയരാകാന്‍ കൂട്ടാക്കാത്ത കൊടുംകുറ്റവാളികളെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തിന്റെ ഭദ്രതയ്ക്കും നേരെ ഭീഷണി ഉയര്‍ത്തുന്നവരെയും ദീര്‍ഘകാലം സമൂഹത്തില്‍നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നേക്കാം. ഇതിനാവശ്യമായ നിയമനിര്‍മാണവും സംവിധാനങ്ങളുമുണ്ടാകണം. കുറ്റത്തിനു തക്ക ശിക്ഷ നല്‍കുന്നതോടൊപ്പം കുറ്റവാളികളുടെ ജീവിതനവീകരണവും ലക്ഷ്യം വയ്ക്കുന്നതാകണം ഒരു പരിഷ്കൃതസമൂഹത്തിന്റെ നീതിന്യായസംവിധാനം. നിലവിലുള്ള നിയമസംവിധാനത്തെ ശക്തിപ്പെടുത്തുകയും ഉയര്‍ന്ന പൌരബോധവും രാജ്യസ്നേഹവും പരിപോഷിപ്പിക്കുകയും ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണനയും കരുണയും കാട്ടുകയുമാണ് തീവ്രവാദവും ഭീകരപ്രവര്‍ത്തനവും ഫലപ്രദമായി തടയുന്നതിനാവശ്യം. നിയമവ്യവസ്ഥയില്‍നിന്നു വധശിക്ഷ ഒഴിവാക്കുന്നതു മറ്റുവിധത്തില്‍ ഭരണകൂട ഭീകരതയിലേക്കും ഇടുങ്ങിയ ദേശീയതയിലേക്കും വഴി തെറ്റാതിരിക്കാന്‍ പൌരസമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്െടന്നും കെസിബിസി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.