അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് ഗ്യാസ് രാജേന്ദ്രന്‍ അറസ്റില്‍
Wednesday, September 2, 2015 11:36 PM IST
പേരാമംഗലം(തൃശൂര്‍): നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവിനെ പേരാമംഗലം പോലീസ് അറസ്റ്ചെയ്തു. കൊട്ടാരക്കര പുലയ്ക്കന്നൂര്‍ സ്വദേശി രാജാലയത്ത് വീട്ടില്‍ ഗ്യാസ് രാജേന്ദ്രനെന്ന ഭുവനചന്ദ്രന്‍(50) ആണ് അറസ്റിലായത്. 2001ല്‍ പേരാമംഗലത്തുനിന്ന് ഇന്‍ഡിക്ക കാര്‍ കവര്‍ന്ന കേസിലാണ് അറസ്റ്.

2002ല്‍ പ്രസിദ്ധ ഗാനരചയിതാവ് യൂസഫലി കേച്ചേരിയുടെ ക്വാളിസ് കാര്‍ മോഷ്ടിച്ച കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതുള്‍പ്പെടെ കേരളത്തിലെ ഒട്ടുമുക്കാല്‍ സ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. തമിഴ്നാട്ടില്‍ 22ഉം ബംഗളൂരുവില്‍ മാത്രം 14 കേസുകളും മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി കേസുകളും ഗ്യാസ് രാജേന്ദ്രന്റെ പേരിലുണ്ട്.

വാഹനങ്ങളുടെ ഗ്ളാസ് തുറന്നു വാഹനങ്ങള്‍ക്ക് അകത്തുകടക്കുന്നതാണ് ഇയാളുടെ രീതി. പിന്നീടു മിനിറ്റുകള്‍ക്കകം വാഹനവുമായി കടക്കും. മോഷ്ടിക്കുന്ന കാറുകള്‍ ഇടനിലക്കാര്‍ മുഖേന തമിഴ്നാട്ടിലോ ബംഗളൂരുവിലോ എത്തിച്ചു വ്യാജ ആര്‍സി ബുക്കുകള്‍ ഉണ്ടാക്കി വില്പന നടത്തും. തുടര്‍ന്നു മുംബൈ, ബംഗളൂരു, സേലം എന്നിവിടങ്ങളിലും സംസ്ഥാനത്തിനകത്തുമായി മാറി മാറി താമസിക്കും. ഇതിനിടെ, പിടിയിലായാല്‍ ജാമ്യം നേടി ഒളിവില്‍ പോകും. ഇത്തരത്തില്‍ ഇടുക്കിയില്‍ ശാന്തംപാറയില്‍ വീടു വാടകയ്ക്കെടുത്തു താമസിച്ചുവരുമ്പോഴാണു പോലീസിന്റെ വലയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്. എല്‍പി സ്ക്വാഡ് അംഗങ്ങളായ സിപിഒ ശശിധരന്‍, പ്രീബു, വിനോദ് എന്‍. ശങ്കര്‍ എന്നിവരും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.


വാഹനമോഷണത്തിനു പുറമേ ഇയാളുടെയും ഭാര്യയുടെയും പേരില്‍ പെണ്‍വാണിഭക്കേസുമുണ്ട്. ഗുരുവായൂരില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തു പെണ്‍വാണിഭം നടത്തിയതിനു രാജേന്ദ്രന്റെയും ഭാര്യ ആനി രാജേന്ദ്രന്റെയും പേരില്‍ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ആനിയെ ഗുരുവായൂര്‍ പോലീസ് കഴിഞ്ഞമാസം അറസ്റ്ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.