കിടങ്ങൂര്‍ രാമ ചാക്യാര്‍ക്കു വിട
കിടങ്ങൂര്‍ രാമ ചാക്യാര്‍ക്കു വിട
Friday, September 4, 2015 12:30 AM IST
തൃശൂര്‍: കൂത്തരങ്ങിലെ അവിസ്മരണീയ സാന്നിധ്യമായിരുന്ന പ്രമുഖ കൂത്ത്, കൂടിയാട്ടം കലാകാരന്‍ കിടങ്ങൂര്‍ രാമചാക്യാര്‍ക്ക് (കുട്ടപ്പചാക്യാര്‍) നാടിന്റെ അന്ത്യാഞ്ജലി. രാമചാക്യാരുടെ മൃതദേഹം വല്ലച്ചിറ ക്ഷേത്രത്തിനു മുന്‍വശത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വിവിധ രംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ വല്ലച്ചിറയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുവേണ്ടി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം സി.കെ. അനന്തകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മന്ത്രി കെ.സി. ജോസഫിനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായരും കേന്ദ്ര സംഗീതനാടക അക്കാദമിക്കുവേണ്ടി കൂടിയാട്ടം കേന്ദ്രം പ്രതിനിധി ഗോവിന്ദന്‍കുട്ടി നമ്പ്യാരും പുഷ്പചക്രം സമര്‍പ്പിച്ചു.

സി.എന്‍. ജയദേവന്‍ എംപി, പ്രമുഖ കലകാരന്‍മാരായ പൈങ്കുളം ദാമോദരചാക്യാര്‍, വേണുജി, കലാമണ്ഡലം ഈശ്വരനുണ്ണി, അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, കലാനിരൂപകന്‍ ജോര്‍ജ് എസ്. പോള്‍ തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. ജോസഫ്, ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.


കിടങ്ങൂര്‍ ചെറിയ പരിഷ ചാക്യാര്‍ കുടുംബത്തില്‍ പൈങ്കുളം നാരായണ ചാക്യാരുടെയും ദേവകി ഇല്ലോടമ്മയുടെയും മകനായി 1927 ജനുവരി 19ന് ജനിച്ച രാമചാക്യാര്‍ 14 വയസുമുതലാണ് ചാക്യാര്‍ കൂത്തില്‍ സജീവമായത്.

തുടര്‍ന്ന് 52 കൊല്ലത്തോളം കൂത്തുകലയിലെ പ്രത്യേക ഇനമായ മന്ത്രാങ്കം കൂത്തിന്റെ അവതാരകനായി രാമചാക്യാര്‍ മാറി. അന്നമനട മഹാദേവ ക്ഷേത്രത്തിലെ അരങ്ങേറ്റത്തിനുശേഷം ആറു പതിറ്റാണ്ടു കാലത്തോളം കേരളത്തിലങ്ങോളമിങ്ങോളം മന്ത്രാങ്കം കൂത്തവതരിപ്പിച്ച രാമചാക്യാര്‍ നിരവധി പുരസ്കാരങ്ങള്‍ നേടി. കേരളാ സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം, 2001ലെ കേരളാ കലാമണ്ഡലം അവാര്‍ഡ്, 2004ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പൈങ്കുളം രാമചാക്യാര്‍, ജന്മശതാബ്ദി സുവര്‍ണ മുദ്ര, തൃപ്പൂണിത്തുറ കുലശേഖര പുരസ്കാരം തുടങ്ങിയവ രാമചാക്യാരെ തേടിയെത്തി. രാമചാക്യാരുടെ മരണത്തോടെ മന്ത്രാങ്കം കൂത്തിന്റെ ചക്രവര്‍ത്തിയെയാണു കലാകേരളത്തിനു നഷ്ടമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.