ട്രിപ്പിള്‍ ഐടി ഉദ്ഘാടനം അമല്‍ജ്യോതിയില്‍ ഇന്ന്
Friday, September 4, 2015 12:40 AM IST
കാഞ്ഞിരപ്പള്ളി: കേന്ദ്രമാനവശേഷി വികസനവകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയില്‍ അനുവദിച്ചിരിക്കുന്ന ട്രിപ്പിള്‍ ഐടിയുടെ (ഐഐഐടി) ഔപചാരിക ഉദ്ഘാടനം താത്കാലിക കാമ്പസായ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ഇന്നു ധനകാര്യ മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. മീനച്ചില്‍ താലൂക്കില്‍, പാലായ്ക്കു സമീപം വലവൂരില്‍ 55 ഏക്കര്‍ ഭൂമിയിലാണു ട്രിപ്പിള്‍ ഐടിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിക്കുന്ന ഐഐഐടി പൊതു-സ്വകാര്യ പങ്കാളിത്തത്തോടുകൂടിയായിരിക്കും പ്രവര്‍ത്തിക്കുക. ഐഐഐടി സ്ഥാപിതമാകുന്നതോടെ കേരളം വിവരസാങ്കേതിക വിദ്യയില്‍ ആഗോളനിലവാരത്തില്‍ മത്സരിക്കാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. ഉന്നതനിലവാരമുള്ള ലൈബ്രറിയും ലാബോറട്ടറിയും ആശയ-വിവര-വിജ്ഞാന വിനിമയ സൌകര്യങ്ങളുമാണ് ഐഐഐടിയുടെ പ്രത്യേകതയെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു.


ഉദ്ഘാടന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, ഡോ. എന്‍. ജയരാജ് എംഎല്‍എ, ഐഐഐടി മെന്റര്‍ ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി, ഐഐഐടി ഹൈദരാബാദ് ഡയറക്ടര്‍ ഡോ. പി.ജെ. നാരായണന്‍, അമല്‍ജ്യോതി കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസ് കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിക്കും.

ഈ വര്‍ഷം ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ക്ളാസുകളാണ് ആരംഭിച്ചിരിക്കുന്നത്. വലവൂര്‍ ക്യാമ്പ് പ്രവര്‍ത്തനക്ഷമമാകുന്നതുവരെ അമല്‍ജ്യോതിയിലാണ് ഐഐഐടി പ്രവര്‍ത്തിക്കുക. ഐഐഐടിയിലെ മൂന്നാംഘട്ട അഡ്മിഷന്‍ പൂര്‍ത്തിയായി. ആദ്യബാച്ചിലെ 35 വിദ്യാര്‍ഥികളെ ജോസ് കെ. മാണി എംപി, കേന്ദ്രമാനവശേഷി വികസനവകുപ്പ് സെക്രട്ടറി വിനയ് ഷീല്‍ ഒബ്റോയ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.