തോട്ടം ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
Thursday, October 8, 2015 11:26 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനു മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇടക്കാലാശ്വാസം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം യൂണിയനുകള്‍ അംഗീകരിച്ചില്ല. കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും യൂണിയനുകള്‍ തള്ളിയതോടെയാണു ചര്‍ച്ച വഴിമുട്ടിയത്.

മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി എത്തി മിനിമം കൂലി സംബന്ധിച്ച് ഒരു സമവായം അവതരിപ്പിക്കുകയും ഇത് ഇരുകൂട്ടരും അംഗീകിരിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല.

ഹൈക്കോടതി ജഡ്ജിയോ ജില്ലാ ജഡ്ജിയോ അധ്യക്ഷനായ ഒരു കമ്മീഷനെ വച്ച് പരമാവധി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി ആ റിപ്പോര്‍ട്ട് നടപ്പാക്കാമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച ഒരു നിര്‍ദേശം. ഇതു തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചില്ല. തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടാമത്തെ നിര്‍ദേശം. ഇന്നു മുതല്‍ പ്രശ്നപരിഹാരമാകും വരെ കൂലിയില്‍ 60 രൂപ വര്‍ധനയാണ് ഇതനുസരിച്ചു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, തുക പറയുന്നതിനു മുമ്പു തന്നെ ഇടക്കാലാശ്വാസം എന്ന നിര്‍ദേശവും തൊഴിലാളി സംഘടനകള്‍ തള്ളി.


ചെറിയ വര്‍ധനയല്ലാതെ 500 രൂപ കൂലി എന്നത് അംഗീകരിക്കാനാകില്ലെന്നു തോട്ടം ഉടമകളും വ്യക്തമാക്കി. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

2006 ലെ മിനിമം കൂലി വിജ്ഞാപനം തന്നെ കോടതി സ്റേ ചെയ്തിരിക്കുകയാണ്. അതിനാല്‍ കൂലിയുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം ഇറക്കുന്നതു നിലനില്‍ക്കില്ല. മുന്‍കാലങ്ങളിലെല്ലാം ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചകള്‍ ചെയ്താണു സമവായത്തിലെത്തിയിരുന്നത്. ഇപ്പോള്‍ അതിനു സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസം മുന്‍പേ തൊഴിലാളികളുടെ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. തൊഴിലാളി സംഘടനകളും തോട്ടം ഉടമകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയിലേക്കു വിളിച്ചതുകൊണ്ടു കാര്യമില്ല എന്നതിനാലാണ് മുഖ്യമന്ത്രിയെ വിളിക്കാത്തതെന്നും ആര്യാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.