ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി; കാലിത്തീറ്റ വില കുത്തനെ കൂടി
ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി; കാലിത്തീറ്റ വില കുത്തനെ കൂടി
Thursday, October 8, 2015 12:05 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില കുത്തനെ കൂട്ടി. രണ്ടുമാസത്തിനിടെ 50 രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായത്. അതേസമയം, സ്വകാര്യ കമ്പനികള്‍ വിലകൂട്ടിയതോടെ മില്‍മ എറണാകുളം മേഖല കാലിത്തീറ്റയ്ക്ക് നല്‍കിയിരുന്ന കിഴിവ് മൂന്നിലൊന്നായി കുറയ്ക്കുകയാണുണ്ടായതെന്നു പറയുന്നു. പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിനിടെയാണു ക്ഷീരകര്‍ഷകര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു കാലിത്തീറ്റവില കുതിക്കുന്നത്. ക്ഷീരസംഘങ്ങള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്കു ചാക്കൊന്നിന് 50 രൂപയാണ് രണ്ടുമാസത്തിനിടെ വര്‍ധിച്ചത്. 925 രൂപയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് 60 രൂപയുടെ കിഴിവാണ് നല്‍കിയിരുന്നത്. എന്നാല്‍, സ്വകാര്യ കമ്പനി വിലവര്‍ധിപ്പിച്ചതോടെ കിഴിവ് 60 രൂപയില്‍നിന്നും 20രൂപയാക്കി കുറച്ചു. ഫലത്തില്‍ കര്‍ഷകര്‍ക്കു 40 രൂപ അധികം നല്‍കേണ്ടിവരുന്നു.ഇതിനുപിന്നാലെ സ്വകാര്യ കമ്പനിയും വില വര്‍ധിപ്പിച്ചു.

മലബാര്‍, തിരുവനന്തപുരം മേഖലകള്‍ 50 രൂപ സബ്സിഡി ഇപ്പോഴും നല്കുന്നുണ്ട്. അവിടങ്ങളി ല്‍ 10 രൂപയുടെ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍, എറണാകുളം മേഖലയില്‍ സബ്സിഡി നല്‍കുന്നില്ല. ഇതുമധ്യകേരളത്തിലെ ക്ഷീരകര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ഫീഡ്സും സഹകരണമേഖല യിലുള്ള മില്‍മയും മറ്റു സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു വില കൂട്ടിയതെന്നും ആക്ഷേപമുണ്ട്. കേരള ഫീഡ്സിന്റെ ഒരു ചാക്ക് (50 കിലോ) കാലിത്തീറ്റയ്ക്ക് 885 രൂപയായിരുന്നത് 920 ആയി ഉയര്‍ന്നു. 35 രൂപയാണു വര്‍ധിച്ചത്. ആ ദ്യം 10 രൂപയും തുടര്‍ന്ന് 25 രൂപ യും വര്‍ധിപ്പിച്ചു. മില്‍മ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 40 രൂപ കൂട്ടി. മില്‍മയുടെ ഗോമതി റിച്ച് കാലിത്തീറ്റയുടെ വില 885 രൂപയില്‍നിന്ന് 925 ആയി. ചാക്കിന് 1,045 രൂപയായിരുന്ന ഗോമതി ഗോള്‍ഡിനും 40 രൂപ കൂട്ടി. മുന്നറിയിപ്പില്ലാതെ സെപ്റ്റംബര്‍ ഒമ്പതിനാണ് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയത്. മില്‍മയും കേരള ഫീഡ്സും വില വര്‍ധിപ്പിച്ചതോടെ ക്ഷീരകര്‍ഷകര്‍ വെട്ടിലായി. ചോളം ഉള്‍പ്പെടെയുള്ള അംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണു കാലിത്തീറ്റ വില കൂട്ടാന്‍ കാരണമായി പറയുന്നത്. പിണ്ണാക്കിന്റെയും വില വര്‍ധിച്ചിട്ടുണ്ട്. 42 രൂപയായിരുന്നത് 46 മുതല്‍ 48 രൂപ വരെയായി വര്‍ധിച്ചു. 2014-15 വര്‍ഷം കാലിത്തീറ്റ വില്പനയില്‍ 36 ശതമാനം കുറവുണ്ടായിട്ടുണ്െടന്നു വാര്‍ഷിക റിപ്പോര്‍ട്ടില്‍ മില്‍മ വ്യക്തമാക്കിയിരുന്നു.കോട്ടയം ജില്ലയില്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന പതിനായിരത്തിലധികം കര്‍ഷകരുണ്െടന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.