ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ദേശീയ സമ്മേളനം 11ന്
Friday, October 9, 2015 12:46 AM IST
ആലുവ: ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ദേശീയ സമ്മേളനം ഒക്ടോബര്‍ 11ന് തിരുവനന്തപുരം അളകാപുരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് എ. സമ്പത്ത് എംപി സമ്മേളനം ഉദ്ഘാടനംചെയ്യും. എഫ്ബിഒഎ പ്രസിഡന്റ് പി. അനിത അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, സിപിഐ ദേശീയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഓള്‍ ഇന്ത്യ പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ഡോ.വി. ചിദംബരകുമാര്‍, എഐബിഒസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ പി.വി. മോഹനന്‍, സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍, എഫ്ബിഒഎ ദേശീയ ജനറല്‍ സെക്രട്ടറി പി.പി. വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് വില്‍സന്‍ സിറിയക്, ഫെഡറല്‍ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ.പി.വി. മാത്യു തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.എസ്. പ്രദീപ് നന്ദിയും പറയും. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷവര്‍ഷവും സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും. ഫെഡറല്‍ ബാങ്ക് കുടുംബാംഗങ്ങളില്‍നിന്നു മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്കാരം സമ്മാനിക്കും.


ഇന്ത്യന്‍ ബാങ്കിംഗ് രംഗം കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഈ ദേശീയ സമ്മേളനം നടക്കുന്നതെന്ന് എഫ്ബിഒഎ ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യമേഖല ബാങ്കുകളില്‍ 100 ശതമാനം വരെ വിദേശ ഓഹരി അനുവദിക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും ബാങ്കുകളുടെ നിലനില്‍പ്പിനെതന്നെ ഭീഷണി ഉയര്‍ത്തുന്ന കിട്ടാക്കടം തിരികെ പിടിക്കാനും അതിന് കാരണക്കാരായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുവരണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തു നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ബാങ്കിംഗ് മേഖല നേരിടുന്ന ഗൌരവമായ വിഷയങ്ങളും ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 1000ത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആലുവ എഫ്ബിഒഎ ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തില്‍ പോള്‍ മുണ്ടാടന്‍, പി.എ. ബോസ്, അബ്ദുള്‍നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.