മാനസികാരോഗ്യ പ്രശ്നങ്ങളെ അന്തസോടെ സമീപിക്കണം: ഡോ. ജോര്‍ജ് ഓണക്കൂര്‍
മാനസികാരോഗ്യ പ്രശ്നങ്ങളെ അന്തസോടെ സമീപിക്കണം: ഡോ. ജോര്‍ജ് ഓണക്കൂര്‍
Sunday, October 11, 2015 12:08 AM IST
കോട്ടയം: മാനസികാരോഗ്യ പ്രശ്നങ്ങളെ അന്തസോടെ സമീപിക്കുകയും ഇത്തരം പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് ആദരവോടെ ചികിത്സയും പരിരക്ഷയും നല്‍കുകയും വേണമെന്ന് സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളെ അപമാനകരമായ പദങ്ങള്‍ ഉപയോഗിച്ചു വിശേഷിപ്പിക്കുന്ന സമൂഹത്തിന്റെ മനഃസ്ഥിതിയെ അദ്ദേഹം വിമര്‍ശിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ലോക മാനസികാരോഗ്യദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാകമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളില്‍ നല്ലപങ്കും മാനസികാരോഗ്യ പ്രശ്നങ്ങളില്‍നിന്ന് ഉണ്ടാകുന്നതാണെന്നു മുഖ്യപ്രഭാഷണം നടത്തി വനിതാകമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി പറഞ്ഞു.

വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.റോയി ഏബ്രഹാം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. മാനസികാരോഗ്യ പുനരധിവാസത്തിന് കേരളത്തില്‍ തുടക്കംകുറിച്ച നവജീവന്‍ ട്രസ്റി പി.യു.തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന ഘടകം നല്‍കിവരുന്ന 10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന മാധ്യമ അവാര്‍ഡ് ഹംസ ആലുങ്ങലിന് സമ്മാനിച്ചു. സമ്മേളനത്തില്‍ മാനസികാരോഗ്യവിഭാഗം മേധാവി ഡോ.വര്‍ഗീസ് പുന്നൂസ്, സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.ഡി.മോഹന്‍, സംസ്ഥാന സെക്രട്ടറി ഡോ.കെ.പി.ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അസിസ്റന്റ് പ്രഫസര്‍ ഡോ. ലക്ഷ്മി ഗുപ്തന്‍ സംവിധാനം ചെയ്ത ലഘുനാടകം മെഡിക്കല്‍, നഴ്സിംഗ് ബിരുദാനന്തര വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറി.


തുടര്‍ന്നു നടന്ന സിമ്പോസിയത്തില്‍ മാനസികാരോഗ്യവും നിയമപാലനവും എന്ന വിഷയത്തില്‍ കോട്ടയം ഡിവൈഎസ്പി വി.അജിത്, മാനസികാരോഗ്യവും കുടുംബപശ്ചാത്തലവും എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് ചെറിയാന്‍, മാനസികാരോഗ്യ പരിപാലനത്തില്‍ സോഷ്യല്‍ വര്‍ക്കിന്റെ പങ്ക് എന്ന വിഷയത്തില്‍ ഡോ.ഐപ് വര്‍ഗീസ്, മാനസികാരോഗ്യവും പുനരധിവാസവും എന്ന വിഷയത്തില്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.വര്‍ഗീസ് പുന്നൂസ് മോഡറേറ്ററായിരുന്നു.

ഡോ. ഡി. ഡയാന, പ്രഫ.ഡോ.സി.തോമസ് ഏബ്രഹാം, ഡോ.റാണി ജാന്‍സി,ഡോ.സിജു ജെ.എസ് എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിനികളും മെഡിക്കല്‍ കോളജ് നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളും ആശുപത്രിപരിസരത്ത് ഒരുക്കിയ മാനസികാരോഗ്യ പ്രദര്‍ശനം ജനശ്രദ്ധ പിടിച്ചുപറ്റി. ഡോ.എം.സി.ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നവജീവന്‍ ട്രസ്റ് മാനസികാരോഗ്യ വാര്‍ഡില്‍ ചികിത്സയിലുള്ള അമ്പതോളം പേര്‍ക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്തു.

ഡോ.സന്ദീപ് അലക്സ്, ഡോ.രേഖ മാത്യു, ഡോ.നിഷ സിറിയക്, ഡോ.ഗംഗ ജി.കൈമള്‍, ടോമി മാത്യു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.