മൂന്നാംമുന്നണി ചാപിള്ളയായെന്നു കോടിയേരി ബാലകൃഷ്ണന്‍
മൂന്നാംമുന്നണി ചാപിള്ളയായെന്നു കോടിയേരി ബാലകൃഷ്ണന്‍
Sunday, October 11, 2015 12:22 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച മൂന്നാം മുന്നണി ചാപിള്ളയായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസ് ക്ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ക്കണ്ട് എസ്എന്‍ഡിപിയെ ഉപയോഗിച്ച് ബിജെപിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എസ്എന്‍ഡിപി-ബിജെപി ബന്ധത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് ഉന്നതാധികാര സമിതി അംഗം എ.എന്‍. രാജന്‍ ബാബുവാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു ഭരണഘടനയുണ്ടാക്കുന്ന രാജന്‍ ബാബുവിനെ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നു പുറത്താക്കാത്തതെന്തെന്നു കോടിയേരി ചോദിച്ചു.

എസ്എന്‍ഡിപിയെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ വി.എം. സുധീരന്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അര്‍ഥഗര്‍ഭമായ മൌനമാണ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരേ സിപിഎം ശക്തമായി രംഗത്തുണ്ടാകും. 1982-87 കാലഘട്ടത്തില്‍ എസ്എന്‍ഡിപി, എസ്ആര്‍പിയും എന്‍എസ്എസ് ,എന്‍ഡിപിയും രൂപീകരിച്ചു ഭരണം നിയന്ത്രിച്ചിരുന്ന അവസ്ഥയാണ് ഇപ്പോഴുണ്ടാകുന്നത്.


പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തുന്നതിനോടൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണത്തിനായും ഭരണഘടനാ ഭേദഗതിയുണ്ടാകണം.

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണം. വെള്ളാപ്പള്ളിക്കെതിരേ ആരോപിക്കപ്പെട്ട മൈക്രോ ഫിനാന്‍സ് അഴിമതിയും അന്വേഷിക്കണം. എസ്എന്‍ഡിപി നേതൃത്വം ഈഴവരിലെ സമ്പന്നര്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍തന്നെ എസ്എന്‍ഡിപിയിലെ സാധാരണക്കാര്‍ എല്‍ഡിഎഫിനൊപ്പമാണന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.