വിശാല ഹിന്ദു ഐക്യനീക്കത്തിനു പിന്നില്‍ സ്വാര്‍ഥതാത്പര്യം: സുകുമാരന്‍ നായര്‍
വിശാല ഹിന്ദു ഐക്യനീക്കത്തിനു പിന്നില്‍ സ്വാര്‍ഥതാത്പര്യം: സുകുമാരന്‍ നായര്‍
Sunday, October 11, 2015 12:23 AM IST
ചങ്ങനാശേരി: വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ സ്വാര്‍ഥതാത്പര്യമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ജനറല്‍സെക്രട്ടറി. ഐക്യം രൂപീകരിക്കുന്നവര്‍ക്ക് സ്വാര്‍ഥതാത്പര്യമുള്ളിടത്തോളം കാലം ഇതിനോട് എന്‍എസ്എസിനു യോജിക്കാനാവില്ല. മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് എന്‍എസ്എസിനുള്ളതെന്നും ജനറല്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയുള്ള പ്രസ്ഥാനത്തിന് ഒരു മതത്തിന്റെ ഭാഗമായോ രാഷ്ട്രീയപാര്‍ട്ടിയുടെ വാലായോ പ്രവര്‍ത്തിക്കാനാവില്ല.

ഹൈന്ദവന്റെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുംവേണ്ടി എന്നും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ്.

ഹൈന്ദവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകണമെന്നില്ല. സമദൂരത്തില്‍നിന്നുകൊണ്ടുള്ള ശരിദൂര സമീപനമാണ് എന്‍എസ്എസിന്റെ നയം. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശരിയെ ശരിയായി കാണാനും തെറ്റുകള്‍ തിരുത്താനുമാണ് എന്‍എസ്എസ് ശ്രമിക്കുന്നത്. ശരിയും തെറ്റും പറയുന്നതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും ഒരു പാര്‍ട്ടിക്കും എതിരോ അനുകൂലമോ ആണെന്നു കരുതേണ്െടന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിക്കുന്നത് സാമൂഹ്യനീതി നടപ്പാക്കുന്നതിനുവേണ്ടിയാണ്. നായര്‍ക്കുവേണ്ടി മാത്രമല്ല ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാ വിഭാഗം ആളുകള്‍ക്കുംവേണ്ടിയാണ് എന്‍എസ്എസ് പ്രതികരിക്കുന്നത്.

എന്‍എസ്എസിന്റെ നൃേത്വത്തില്‍ രൂപീകരിച്ച എന്‍ഡിപി എന്ന പാര്‍ട്ടി വിജയിച്ചില്ലെന്നു മാത്രമല്ല, ഫലം ദോഷവുമായിരുന്നു. അന്ന് പാര്‍ട്ടി നേതാക്കളായ പലരും സ്വാര്‍ഥതാത്പര്യത്തിനായി പ്രവര്‍ത്തിച്ചു. ഇതു പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.പി. ഹരിദാസ്, ട്രഷറര്‍ ഡോ.എം. ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ വിശ്വനാഥന്‍ പിള്ള, എച്ച്ആര്‍ വിഭാഗം സെക്രട്ടറി വി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്തിന്റെ വിവിധ താലൂക്ക് യൂണിയനുകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.