ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണിയില്‍: ഡോ.കെ.എസ്. ഭഗവാന്‍
ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണിയില്‍: ഡോ.കെ.എസ്. ഭഗവാന്‍
Tuesday, October 13, 2015 12:31 AM IST
കണ്ണൂര്‍: ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും ഗുരുതരഭീഷണിയിലാണെന്നു പ്രമുഖ കന്നഡ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. കെ.എസ്. ഭഗവാന്‍. വധഭീഷണി നേരിടുന്ന ഇദ്ദേഹത്തിനു പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ചിന്തകളുടെ ധാരയാണ് ഇന്ത്യന്‍ സംസ്കാരം. മറ്റൊരു മതത്തിന്റെ ഉന്നമനത്തില്‍ അസഹിഷ്ണുക്കളല്ലായിരുന്നില്ല നമ്മുടെ പൂര്‍വികന്മാര്‍. ദൌര്‍ഭാഗ്യവശാല്‍ ഇതിനു കടകവിരുദ്ധമായി ഇടുങ്ങിയ ചിന്തയാണ് ഇന്നു രാജ്യത്തു ശക്തിപ്പെടുന്നത്. സ്വന്തം മതദര്‍ശനങ്ങള്‍ മാത്രമാണു ശരിയെന്നു ചിലര്‍ വിചാരിക്കുന്നിടത്താണു സംഘര്‍ഷമുണ്ടാകുന്നത്. മറ്റുള്ളവര്‍ ഈ രാജ്യത്തു ജീവിക്കാന്‍ അര്‍ഹരല്ലെന്ന ചിന്തപോലും ചിലര്‍ക്കുണ്ട്.


അഭിപ്രായ സ്വാതന്ത്യ്രത്തിനും സ്വതന്ത്രചിന്തയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടാകുന്നതും ഈ പശ്ചാത്തലത്തിലാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ എല്ലാ കൈവഴികളിലൂടെയുമുള്ള സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. എം.വി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, വി.എം. സജീവന്‍, ഡോ.എ.കെ. നമ്പ്യാര്‍, പുരോഗമനകലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എം.കെ. മനോഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.