കാഴ്ച വൈകല്യമുള്ള പരീക്ഷാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു
Tuesday, October 13, 2015 12:51 AM IST
തിരുവനന്തപുരം: കെ-ടെറ്റ്, സെറ്റ് പരീക്ഷകള്‍ എഴുതുന്ന 40 ശതമാനത്തിനു മുകളില്‍ കാഴ്ച വൈകല്യമുള്ള പരീക്ഷാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു. ജനറല്‍ വിഭാഗത്തില്‍നിന്നു 10 ശതമാനം മാര്‍ക്കിളവ് നല്‍കും. ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കു പകരം മറ്റു ചോദ്യങ്ങള്‍ കാഴ്ചയില്ലാത്ത പരീക്ഷാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ അനുവദിക്കും. കാഴ്ചയില്ലാത്ത പരീക്ഷാര്‍ഥികള്‍ക്കു സെറ്റ് പരീക്ഷയില്‍ സ്ക്രൈബിനെ അനുവദിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

ഇതനുസരിച്ചു ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ സ്ക്രൈബായി ഉപയോഗപ്പെടുത്താം. സ്ക്രൈബിന്റെ ഫോട്ടോ നിശ്ചിത അപേക്ഷയില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ ഒപ്പോടുകൂടി അതതു മേഖലാ ഉപഡയറക്ടര്‍മാര്‍ക്കു സമര്‍പ്പിക്കണം. സ്ക്രൈബിനുള്ള ഐഡന്റിറ്റി കാര്‍ഡില്‍ ഒപ്പിടുന്നതിനും സാക്ഷ്യപ്പെടുത്താനുമുള്ള ചുമതല ബന്ധപ്പെട്ട മേഖലാ ഉപഡയറക്ടര്‍മാരായിരിക്കും. സെറ്റ് പരീക്ഷയുടെ പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള സ്ക്രൈബിനെ ലഭിക്കാത്ത പരീക്ഷാര്‍ഥികള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം പരീക്ഷാ സെന്ററില്‍ ബന്ധപ്പെടണം. പരീക്ഷാര്‍ഥികള്‍ക്കു സ്ക്രൈബിനെ ലഭ്യമാക്കാനുള്ള ചുമതല ബന്ധപ്പെട്ട മേഖലാ ഉപഡയറക്ടര്‍ക്കായിരിക്കും. സ്ക്രൈബിന് ഓരോ പരീക്ഷയ്ക്കും 150 രൂപ പ്രതിഫലം നല്‍കണം.


കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നീക്കിവച്ചിട്ടുള്ള തസ്തികകള്‍ ഭൂരിപക്ഷവും അധ്യാപക തസ്തികകളാണെന്നും അതില്‍ കെ-ടെറ്റ്, സെറ്റ് എന്നീ യോഗ്യതാ പരീക്ഷകളില്‍ മിനിമം മാര്‍ക്ക് നേടുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്െടന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് യൂത്ത് ഫോറമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു നിവേദനം നല്‍കിയത്. കൂടാതെ എസ്സിപിഡബ്ള്യൂ,ഡി സംസ്ഥാന കമ്മീഷണര്‍ ആന്‍ഡ് ഗവണ്‍മെന്റ് എക്സ് ഒഫീഷ്യോ സെക്രട്ടറിയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും ഈ വിഷയം സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.