സമാന്തര അന്വേഷണ സംവിധാനം നിയമവിരുദ്ധമെന്നു ഡിജിപി
സമാന്തര അന്വേഷണ സംവിധാനം നിയമവിരുദ്ധമെന്നു ഡിജിപി
Wednesday, November 25, 2015 12:39 AM IST
കൊച്ചി: മുന്‍ എസ്പി സുനില്‍ ജേക്കബ് കൊച്ചിയില്‍ നടത്തുന്ന സമാന്തര അന്വേഷണ സംവിധാനം നിയമവിരുദ്ധമാണെന്നു സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഐജി എം.ആര്‍. അജിത് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് സുനില്‍ ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി വിശദീകരണ പത്രിക സമര്‍പ്പിച്ചത്.

സര്‍വീസില്‍നിന്നു വിരമിച്ചശേഷം തുടങ്ങിയ സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ പേരില്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനാണ് സുനില്‍ ജേക്കബ് ഐജി അജിത് കുമാറിനെതിരേ ഹര്‍ജി നല്‍കിയതെന്ന് ഡിജിപി വിശദീകരിക്കുന്നു. കൊച്ചി നഗരത്തില്‍ അസിസ്റന്റ് കമ്മീഷണറായിരുന്ന സുനില്‍ ജേക്കബിനെതിരേ സര്‍വീസിലുള്ളപ്പോഴും വിരമിച്ചപ്പോഴും ഗുരുതരമായ പരാതി ഉയര്‍ന്നിരുന്നു. ഗുണ്ടകള്‍ക്കെതിരേയും മറ്റും അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുന്നുവെന്നും എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ ചില പോലീസുകാരെ ഇതിനായി സ്വാധീനിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച് എസ്പി എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ മൂന്നു പോലീസുകാര്‍ സുനില്‍ ജേക്കബിനെ സഹായിച്ചതായി കണ്െടത്തി. ഇവരെ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റി. സര്‍വീസിലുള്ള പോലീസുകാരുടെ നടപടി പോലീസിന്റെ പ്രതിഛായ മോശമാക്കി. സ്പൈ ഇന്‍വെസ്റിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു വേണ്ടി പഴയ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം സുനില്‍ ജേക്കബ് ഉപയോഗിച്ചു. അന്വേഷണത്തെ സഹായിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ സ്റേഷനില്‍ സുനില്‍ ജേക്കബ് സന്ദര്‍ശനം നടത്തിയിരുന്നു.


സര്‍വീസിലിരിക്കുമ്പോള്‍ വളരെ മോശം സര്‍വീസ് റിക്കാര്‍ ഡുള്ള ഉദ്യോഗസ്ഥനായിരുന്നു സുനില്‍ ജേക്കബ്. രണ്ടു തവണ സസ്പെന്‍ഷന്‍, ഇന്‍ക്രിമെന്റ് തടയല്‍, താക്കീത്, ശാസന എന്നിങ്ങനെ ഏഴു തവണ നടപടി എടുക്കേണ്ടിവന്നിട്ടുണ്ട്. ഐജി അജിത് കുമാറിനെതിരേ എഡിജിപിക്ക് സുനില്‍ ജേക്കബ് നല്‍കിയ പരാതിയില്‍ കഴമ്പില്ല. ഈ കേസില്‍ അജിത് കുമാര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും വിശദീകരണ പത്രികയില്‍ പറയുന്നു. കേസുകള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സുനില്‍ ജേക്കബിനെതിരേ ലഭിച്ച പരാതികളും ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിപിയുടെ വിശദീകരണ പത്രികയ്ക്കു മറുപടി നല്‍കാന്‍ സുനില്‍ ജേക്കബിന് സമയം അനുവദിച്ച് കേസ് ഒരാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ച് മാറ്റി. ജസ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് ഹര്‍ജി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.