ജോലി തട്ടിപ്പ്: എസ്ഐയെയും യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും ചോദ്യം ചെയ്തു
Friday, November 27, 2015 12:39 AM IST
കായംകുളം: പോലീസിലെ വിവിധ തസ്തികകളിലേക്കു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ എസ്ഐയെയും യൂത്ത്കോണ്‍ഗ്രസ് നേതാവിനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലില്‍നിന്നു ചില നിര്‍ണായകവിവരങ്ങള്‍ ചോദ്യംചെയ്യലിലൂടെ ലഭിച്ചതായി സൂചനയുണ്ട്. ഇയാള്‍ ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കാറുണ്െടന്നും അവിടുത്തെ ചില ജീവനക്കാരുമായി അടുപ്പമുണ്െടന്നുള്ള വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെ ഇന്നു വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറഞ്ഞു. മുഖ്യപ്രതി ശരണ്യയുടെ ഫോണില്‍വന്ന കോളുകളെ സംബന്ധിച്ചും വിശദമായ അന്വേഷണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തുന്നുണ്ട്.

പത്തിയൂര്‍ സ്വദേശിയായ ബിജെപി നേതാവിനും തട്ടിപ്പില്‍ പങ്കുള്ളതായി മുഖ്യപ്രതി ശരണ്യ കേസിന്റെ ആദ്യഘട്ടത്തില്‍ മൊഴി നല്കിയെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന ആക്ഷേപവും ഇതിനിടയില്‍ ഉയരുന്നുണ്ട്. അതിനാല്‍ ഈ ബിജെപി നേതാവിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. പോലീസിലെയും രാഷ്ട്രീയരംഗത്തെ ചിലരെയും ക്രൈംബ്രാഞ്ച് നിരീക്ഷിച്ചുവരികയാണ്. വിദേശത്തെ കലാപരിപാടികള്‍ക്കുശേഷം കഴിഞ്ഞദിവസം നാട്ടിലെത്തിയ മിമിക്രി കലാകാരന്‍ കലാഭവന്‍ സുധിയെ കഴിഞ്ഞദിവസം അറസ്റു ചെയ്തതോടെ ജോലി തട്ടിപ്പുകേസില്‍ അറസ്റിലാകുന്നവരുടെ എണ്ണം ഇതുവരെ ഒമ്പതായി. ഇതിനിടയില്‍ കേസിന്റെ അന്വേഷണചുമതലയില്‍ നിന്നും മാറ്റിയ കായംകുളം ഡിവൈഎസ്പി എസ്. ദേവമനോഹറെ പത്തനംതിട്ട ഡിസിആര്‍ബിയുടെ ചുമതല നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.