നൌഷാദിന്റെ കുടുംബത്തിനു ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം നല്‍കും
Saturday, November 28, 2015 12:14 AM IST
കൊച്ചി: കോഴിക്കോട് അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആന്ധ്രസ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ നൌഷാദിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായവും ആന്ധ്രസ്വദേശികളായ ഭാസ്കര്‍, നരസിംഹ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി വാഗ്ദാനംചെയ്തു.

സ്വന്തം ജീവന്‍ പണയം വച്ച് അപരിചിതരായ തൊഴിലാളികളെ രക്ഷിക്കാനായി മുന്നോട്ടുവന്ന നൌഷാദിന്റെ ധീരതയും അര്‍പ്പണമനോഭാവവും അംഗീകരിക്കാനും കുടുംബത്തിനു കൈത്താങ്ങാവാനുമാണ് ധനസഹായം വാഗ്ദാനം ചെയ്തതെന്നു വിഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.


ഇതിനു മുമ്പും പല പ്രാവശ്യം ഇത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ നൌഷാദ് ത്യാഗസന്നദ്ധനായിരുന്നു. സുരക്ഷാക്രമീകരണത്തില്‍ വന്ന വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ എല്ലാ സഹായവും തൊഴിലാളികളുടെ കുടുംബത്തിനു നല്‍കുമെന്നും ചിറ്റിലപ്പിള്ളി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.