എംജി പിജി ഏകജാലകം: റിക്കാര്‍ഡ് നേട്ടമെന്ന്
Tuesday, December 1, 2015 12:57 AM IST
കോട്ടയം: എംജി വാഴ്സിറ്റി പിജി ഏകജാലകത്തിനു റിക്കാര്‍ഡ് നേട്ടം. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ 141 കോളജുകളിലേക്കുള്ള ഓണ്‍ലൈന്‍ പിജി ഏകജാലക പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയപ്പോള്‍ 6063 മെറിറ്റ് സീറ്റുകളില്‍ 6012 സീറ്റുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ഇതു സര്‍വകാല റിക്കാര്‍ഡാണ്. സര്‍ക്കാര്‍ കോളജുകളിലെ 12 സീറ്റുകള്‍ ഉള്‍പ്പെടെ 51 സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. കമ്യൂണിറ്റി ക്വോട്ടയിലെ 450 സീറ്റുകളില്‍ 27 എണ്ണത്തിലും വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടില്ല.

മാനേജ്മെന്റ് ക്വോട്ടയിലെ 4172 സീറ്റുകളില്‍ 1150 എണ്ണവും, സ്വാശ്രയ സീറ്റുകളിലെ 1554 സീറ്റുകളും നികത്തുവാനായില്ല. വിദ്യാര്‍ഥികള്‍ക്ക് പരമാവധി അവസരം നല്‍കാനായി ഇതാദ്യമായി 11 തവണയാണ് അലോട്ട്മെന്റ് നടത്തിയത്. രാജ്യത്താദ്യമായി ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ തുടക്കം കുറിച്ച എംജി സര്‍വകലാശാല ഏകജാലക സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാനായി ഇത്തവണ എല്ലാ വിവരങ്ങളും അലോട്ട്മെന്റിനോടൊപ്പം തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.


കൂടാതെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും യഥാസമയം മറുപടി നല്‍കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രശ്നപരിഹാരം ഉറപ്പാക്കി മാതൃക സൃഷ്ടിക്കാനും സര്‍വകലാശാലയ്ക്കു കഴിഞ്ഞു.പിജി ഏകജാലക പ്രക്രിയയില്‍ 10644 സീറ്റുകളിലേക്ക് ഇത്തവണ 1,24,560 ഓപ്ഷനുകളാണ് ലഭിച്ചിരുന്നത്.

189 കോളജുകളിലെ 55,000 സീറ്റുകളിലേക്കുള്ള ഏകജാലക പ്രവേശന പ്രക്രിയയും കുറ്റമറ്റ രീതിയിലാണു നടന്നത്. ഓണ്‍ലൈന്‍ പ്രവേശനപ്രക്രിയ കാര്യക്ഷമവും പരാതി രഹിതവുമായി നടത്തുന്നതിനു ചുക്കാന്‍ പിടിച്ച രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയെ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രശംസിച്ചു. 2016ലെ പ്രവേശന പ്രക്രിയയില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും ഇതരാവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥി സൌഹൃദ സ്മാര്‍ട്ടകാര്‍ഡുകളും ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്യന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.