ശബരിമലയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്തും
ശബരിമലയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്തും
Wednesday, December 2, 2015 12:50 AM IST
ശബരിമല: ദേശീയ തീര്‍ഥാടന കേന്ദ്രമെന്നതിലുപരി അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി ശബരിമലയെ ഉയര്‍ത്തുന്നതിനാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സന്നിധാനത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് പമ്പാസംഗമം നടത്തും. ഇതില്‍ പ്രധാനമന്ത്രിയെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തും. ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനത്ത് നിന്നുള്ളവരായതിനാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഈ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ സംസ്ഥാനങ്ങളുടെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് അഞ്ച് ഏക്കര്‍ വീതം അനുവദിക്കുന്നത് പരിഗണിക്കും. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് നാലിനു തിരുവനന്തപുരത്ത് ബോര്‍ഡ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.


ശബരിമലയില്‍ നിലനിന്നിരുന്ന പരമ്പരാഗത അനുഷ്ഠാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ശ്രമം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി ശബരിമലയുമായി ഏറെ ബന്ധമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം കൊട്ടാരം, എരുമേലി എന്നീ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കെടിഡിസി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തീര്‍ഥാടകയാത്ര സംഘടിപ്പിക്കും. കൂടാതെ തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് ആര്യങ്കാവിലെ പുരാതനമായ തിരുക്കല്യാണം സംഘടിപ്പിക്കുന്നതിനും ശ്രമം നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പമ്പാനദിയില്‍ വസ്ത്രം ഒഴുക്കുന്നത് ഏറെക്കുറെ തടയാന്‍ സാധിച്ചതായി പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകരെ ബോധവത്കരിക്കുന്നതിന് അന്യഭാഷാപത്രങ്ങളില്‍ പരസ്യം നല്‍കാനും പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.