വിലക്കയറ്റത്തിനിടയിലും വിടാതെ ബാര്‍ കോഴ
വിലക്കയറ്റത്തിനിടയിലും വിടാതെ ബാര്‍ കോഴ
Wednesday, December 2, 2015 12:53 AM IST
സാബു ജോണ്‍

വിലക്കയറ്റം അടിയന്തരപ്രമേയമായി എത്തിച്ചെങ്കിലും ബാര്‍ കോഴ വിട്ടുകളയാന്‍ പ്രതിപക്ഷം ഒരുക്കമല്ല. ആദ്യദിവസത്തെ അടിയന്തരപ്രമേയം രണ്ടാം ദിവസം വേറൊരു രൂപത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭാതലത്തിലെത്തിച്ചു.

വിലക്കയറ്റത്തിന്റെ പേരിലൊരു വാക്കൌട്ടിനു ശേഷം അധികം വൈകാതെ ബാര്‍കോഴ സബ്മിഷനായി എത്തി. ഏറെനേരത്തെ വാദപ്രതിവാദത്തിനൊടുവില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തില്‍ വരെ എത്തി. സഭാസ്തംഭനം എന്ന പ്രതീതി ഉളവാക്കിയെങ്കിലും അവര്‍ വൈകാതെ പിന്മാറി. ഒടുവില്‍, മറ്റൊരു വാക്കൌട്ടില്‍ വിഷയം അവസാനിപ്പിച്ചു. പിന്നീട് നിയമനിര്‍മാണ വേളയില്‍ നടപടികളുമായി പൂര്‍ണമായി സഹകരിക്കുന്ന പ്രതിപക്ഷത്തെയാണു കണ്ടത്.

ഒരു സമ്മേളനത്തില്‍ അടിയന്തരപ്രമേയമായി എത്തിയ വിഷയം അതേ സമ്മേളനത്തില്‍ വീണ്ടും സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാറില്ല. എങ്കിലും പ്രതിപക്ഷനേതാവ് എന്ന ആനുകൂല്യത്തില്‍ വി.എസ്. അച്യുതാനന്ദന് വിഷയം സബ്മിഷനായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അനുമതി നല്‍കി.

കെ. ബാബുവിനെതിരേ താന്‍ മൂന്നു പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയെങ്കിലും ഒന്നിനു മാത്രമേ മറുപടി പോലും ലഭിച്ചുള്ളൂ എന്നായിരുന്നു വി.എസിന്റെ പരാതി. രാഷ്ട്രീയസമ്മര്‍ദം മൂലമാണു വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്യാത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭരണഘടനാ ലംഘനമാണു നടത്തുന്നതെന്ന് ആരോപിച്ച വി.എസ് ബാബുവിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

വ്യവസ്ഥാപിതമായി അന്വേഷണം നട ത്തിയ ശേഷമാണ് കേ സ് എടുക്കേണ്െടന്നു തീരുമാനിച്ചതെന്ന് മന്ത്രി രമേശ് മറുപടി നല്‍കി. പ്രാഥമികാന്വേഷണം നടത്തിയ ഡിവൈഎസ്പിയെ അഴിമതിക്കാരനെന്നു വി.എസ് വിളിച്ചതിനെതിരേയും രമേശ് പ്രതികരിച്ചു.

ഇതിനിടെ കൂടുതല്‍ സംശയങ്ങളുമായി സി. ദിവാകരന്‍ എഴുന്നേറ്റു. പതിനൊന്നു രേഖകളും 21 സാക്ഷികളുമുള്ള കേസില്‍ കാഷ് ബുക്ക് തന്നെ മതിയായ തെളിവാണെന്ന് എ.കെ. ബാലന്‍ പറഞ്ഞു. 27 കോടി രൂപ പിരിച്ചെടുത്തത് എവിടെനിന്നു വന്നുവെന്നോ എവിടേക്കു പോയെന്നോ അന്വേഷിച്ചോ എന്നു ബാലന്‍ ചോദിച്ചതോടെ പ്രതിപക്ഷം ബഹളം കൂട്ടിത്തുടങ്ങി. പ്രാഥമികാന്വേഷണത്തില്‍ തെളിവില്ലെന്നു ബോധ്യപ്പെട്ടു എന്ന വാദത്തില്‍ രമേശ് ഉറച്ചുനിന്നു. ഇതോടെ പ്രതിപക്ഷം മുന്‍നിരയിലേക്കു നീങ്ങി. സീറ്റുകളില്‍ പോയിരുന്നാല്‍ ചോദ്യം അനുവദിക്കാമെന്നായി സ്പീക്കര്‍.

സ്പീക്കറുടെ വാക്കു കേട്ട് പ്രതിപക്ഷം സീറ്റുകളില്‍ പോയിരുന്നപ്പോള്‍ പ്രതിപക്ഷനേതാവിന് ഒരു ചോദ്യം ചോദിക്കാമെന്നായി സ്പീക്കര്‍. ബാലന്‍ പറഞ്ഞതാണു തന്റെ ചോദ്യമെന്നു പറഞ്ഞ് വി.എസ് വീണ്ടും ബാലന്റെ ചോദ്യത്തിലേക്കു മടങ്ങി. ഇതില്‍ കൂടുതലൊന്നും തനിക്കു പറയാനില്ലെന്നു പറഞ്ഞ് ആഭ്യന്തര മന്ത്രി സീറ്റിലിരുന്നു. പ്രതിപക്ഷം വാക്കൌട്ട് പ്രഖ്യാപിക്കുകപോലും ചെയ്യാതെ പുറത്തേക്കും പോയി.


വിലക്കയറ്റത്തിന്റെ പേരില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയെത്തിയത് സി. ദിവാകരനായിരുന്നു. സര്‍ക്കാര്‍ ജനങ്ങളുടെ നിലവിളി കേള്‍ക്കുന്നില്ലെന്നായിരുന്നു ദിവാകരന്റെ പരി ദേവനം. വാങ്ങുന്ന കോഴയില്‍ കുറച്ചെങ്കിലും സബ്സിഡി ആയി കൊടുത്താല്‍ വില കുറയുമെന്നൊരു ഉപദേശവും ദിവാകരന്‍ നല്‍കി. കണക്കുകള്‍ നിരത്തിയായിരുന്നു അനൂപ് ജേക്കബിന്റെ മറുപടി. കഴിഞ്ഞ സര്‍ക്കാര്‍ വിപണി ഇടപെടലിനു ചെലവഴിച്ചതിനേക്കാള്‍ വളരെ കൂടുതല്‍ പണം ഈ സര്‍ക്കാര്‍ ചെലവഴിച്ചതായി അനൂപ് ചൂണ്ടിക്കാട്ടി.

കണ്‍സ്യൂമര്‍ഫെഡിലെ എ- ഐ ഗ്രൂപ്പ് തര്‍ക്കമല്ലേ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നു ജി. സുധാകരന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണനോടു ചോദിച്ചു. അങ്ങു വലിയ ബുദ്ധിയുള്ള ആളല്ലേ, കണ്ടുപിടിച്ചാല്‍ മതിയെന്നായി മന്ത്രി. കൃഷിമന്ത്രി കെ.പി. മോഹനനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിശദീകരണവുമായി എത്തിയതോടെ സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയ്ക്കു സമാനമായ ചര്‍ച്ച അരങ്ങേറി. വിലക്കയറ്റം അംഗീകരിച്ച മുഖ്യമന്ത്രി, സാധ്യമായതെല്ലാം ചെയ്യുന്നുണ്െടന്നു ചൂണ്ടിക്കാട്ടി.

സഭ നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പതിവുപോലെ വാക്കൌട്ടിലേക്കു പ്രതിപക്ഷം നീങ്ങി. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ചു പറയാന്‍ മലയാളഭാഷയില്‍ വാക്കുകള്‍ പോരാ എന്ന പരിമിതി ചൂണ്ടിക്കാട്ടിയാണു വി.എസ് പ്രസംഗം തുടങ്ങിയതെങ്കിലും നിയമസഭയില്‍ സാധാരണ കേള്‍ക്കാറില്ലാത്ത ഭാഷാപ്രയോഗങ്ങള്‍ നടത്തി വി.എസ് തന്റെ ഭാഷാപ്രാവീണ്യം ഒരിക്കല്‍ ക്കൂടി തെളിയിച്ചു.

ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ച മന്ത്രിസഭാ കുറിപ്പില്‍ വെട്ടിത്തിരുത്തലുകളുണ്െടന്ന കോടിയേരി ബാലകൃഷ്ണന്റെ തിങ്കളാഴ്ചത്തെ ആരോപണം തെറ്റെന്നു തെളിയിക്കാന്‍ മന്ത്രി കെ. ബാബു രേഖ മേശപ്പുറത്തു വച്ചു.

പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ചര്‍ച്ച പ്രവാസികളെക്കുറിച്ചായപ്പോള്‍ പ്രസംഗിച്ചവര്‍ക്കു നൂറു നാവ്. പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്ന ചെറിയൊരു ഭേദഗതി മാത്രമായിരുന്നു ബില്ലിലുള്ളത്. പക്ഷേ ആദ്യപ്രസംഗകനായ ബെന്നി ബഹ നാന്‍ പ്രവാസികളില്‍ തുടങ്ങി റബര്‍ പ്രതിസന്ധിയിലും, പിന്നെ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിലും വരെ എത്തി. കേസെടുത്താല്‍ പോരാ, വെള്ളാപ്പള്ളിയെ അറസ്റ് ചെയ്ത് ജാഥ അവസാനിപ്പിക്കണമെന്നു വരെ ബെന്നി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തുനിന്നു പ്രസംഗിച്ച കെ.വി. അബ്ദുള്‍ ഖാദര്‍ പ്രവാസികളെ സംബന്ധിച്ച നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഹിന്ദു പിന്തുടര്‍ച്ചാ ബില്ലും സഭ പരിഗണിച്ചു. ഇരു ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.