അധ്യാപക സമൂഹത്തോടു നീതി പുലര്‍ത്തിയത് യുഡിഎഫ് സര്‍ക്കാര്‍: മന്ത്രി ബാബു
അധ്യാപക സമൂഹത്തോടു നീതി പുലര്‍ത്തിയത് യുഡിഎഫ് സര്‍ക്കാര്‍: മന്ത്രി ബാബു
Sunday, February 7, 2016 12:43 AM IST
കൊച്ചി: സംതൃപ്തമായ അധ്യാപക സമൂഹം എന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി കെ. ബാബു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) രജത ജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെയും അധ്യാപകരെയും വിശ്വാസത്തിലെടുത്താണു സര്‍ക്കാര്‍ മുന്നോട്ടുപോയത്. അതിനാലാണു ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഒരാളുടെയും എതിര്‍പ്പില്ലാതെ അതു നടപ്പാക്കാന്‍ കഴിഞ്ഞതു സര്‍ക്കാരിന്റെ വിജയമാണ്. സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജിന്റെ ഗുണം ലഭിച്ചത് 17,000ത്തോളം അധ്യാപകര്‍ക്കാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക തസ്തികയും ശമ്പളവും നല്‍കിയതു യുഡിഎഫ് സര്‍ക്കാരാണ്.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കു നടത്താനും കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി. അധ്യാപക സമൂഹത്തോടു നീതിപുലര്‍ത്തിയ സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം ഡോമിനിക് പ്രസന്റേഷന്‍ എംഎല്‍എയും സൌഹൃദ സമ്മേളനം ബെന്നി ബഹനാന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി.പി. ജോര്‍ജ്, എച്ച്എസ്എസ്ടിഎ നേതാക്കളായ എം.വി. അഭിലാഷ്, എം.പി. ഗോപിനാഥന്‍ നായര്‍, സി. ജോസ് കുട്ടി, എന്‍.കെ. സദാനന്ദന്‍, പി.കെ. രാജന്‍, ലൌലി ജോസഫ്, സാബു ജി. വറുഗീസ്, ആര്‍. രാജീവന്‍, എ. നൌഷാദ്, എം. റിയാസ്, കെ.ആര്‍. മണികണ്ഠന്‍, ആര്‍. വിജയന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.