പിണറായിയും ഐസക്കും തെറ്റിദ്ധരിപ്പിക്കുന്നു: സുധീരന്‍
പിണറായിയും ഐസക്കും തെറ്റിദ്ധരിപ്പിക്കുന്നു: സുധീരന്‍
Sunday, February 7, 2016 12:48 AM IST
തിരുവനന്തപുരം: ലാവ്ലിന്‍ കേസ് സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെയും ഡോ. തോമസ് ഐസക്കിന്റെയും പ്രതികരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വം നടത്തുന്ന ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂയെന്നും ഫേസ്ബുക്ക് പോസ്റില്‍ സുധീരന്‍ ചൂണ്ടിക്കാട്ടി.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ലാവ്ലിന്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചു വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 374.5 കോടി രൂപ ചെലവഴിച്ചിട്ടും ഉദ്ദേശിച്ച യാതൊരു ഫലവും ഉണ്ടായില്ലെന്നു പറഞ്ഞിട്ടുള്ളതു പിണറായിക്കും ഐസക്കിനും നിഷേധിക്കാനാവില്ലല്ലോ.

കുറ്റ്യാടി എക്സ്റെന്‍ഷന്‍ സംബന്ധിച്ചുള്ള പദ്ധതിച്ചെലവിന്റെ താരതമ്യ വിശകലനവും സിഎജി റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നതു ലാവ്ലിന്‍ കേസ് സംബന്ധിച്ചു രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഐസക് പരിശോധിക്കുന്നതു നന്നായിരിക്കും.

ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ സപ്ളൈ കരാറിലെ നിരക്ക് വളരെ കൂടുതലാണെന്നു പിന്നീടു നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലും വൈദ്യുതി ബോര്‍ഡ് തന്നെ നിയമിച്ച സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടിലും കണ്െടത്തിയതു സര്‍ക്കാരിനും ബോര്‍ഡിനും ഉണ്ടായ വന്‍ നഷ്ടം വെളിവാക്കുന്നതാണ്.

കേരള നിയമസഭ നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി വസ്തുതാവിരുദ്ധമായിട്ടുള്ള ഐസക്കിന്റെ വിവരണം, അന്തരിച്ച ആദരണീയനായ ഇ. ബാലാനന്ദന്റെ സ്മരണയോടു കാട്ടുന്ന ക്രൂരതയാണ്.

അഴിമതിയില്‍കൂടി നേടിയ പണം ഉപയോഗിച്ചു പൊതുതാത്പര്യമുള്ള സംരംഭങ്ങള്‍ ആരംഭിച്ചാല്‍ അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരില്ലെന്ന സിബിഐ കോടതിയുടെ കണ്െടത്തലിന്റെ പൊള്ളത്തരമാണു ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുള്ളത്. പൊതുമുതല്‍ കൊള്ളയടിച്ച അഴിമതിക്കാരായ പ്രതികളെല്ലാം പൊതുതാത്പര്യമുള്ള ആശുപത്രിയോ അനാഥാലയമോ നിര്‍മിച്ചാല്‍ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുമെന്നു കരുതുന്നതു വിഢ്ഡിത്തമാണ്.


വിചാരണക്കോടതിയില്‍ നാലു പ്രതികള്‍ വിടുതല്‍ ഹര്‍ജി ബോധിപ്പിച്ചപ്പോള്‍ മുഴുവന്‍ പ്രതികളെയും കുറ്റമുക്തരാക്കിയ നടപടിയാണു സംശയാസ്പദമെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത.് വിചാരണക്കോടതിയും ഹൈക്കോടതിയും കല്‍ക്കരി ഇറക്കുമതി അഴിമതിക്കേസില്‍ ജയലളിതയെ കുറ്റമുക്തമാക്കിയതിനു ശേഷമാണു സുപ്രീംകോടതി ജയലളിതയെ അതേ കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്. ആയതുകൊണ്ടുതന്നെ വിചാരണക്കോടതിയുടെ ഡിസ്ചാര്‍ജ്വിധി അന്തിമമല്ലെന്ന വസ്തുത പിണറായി ബോധപൂര്‍വം മറയ്ക്കുകയാണ്. തനിക്കെതിരേ കേസില്ല എന്നു സ്വയം മഹത്വവത്കരിക്കുന്നതു നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിബിഐ അന്വേഷണം പാടില്ലെന്നു വാദിക്കാന്‍ ഇടതുസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു കോടികള്‍ മുടക്കി ഡല്‍ഹിയിലെ അഭിഭാഷകരെ കൊണ്ടുവന്നു പിണറായിക്കായി കേസ് നടത്തിച്ചു. എന്നിട്ടും ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതു പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പുണ്ട് എന്നതുകൊണ്ടല്ലേ?.

വസ്തുതാപരമായും യാഥാര്‍ഥ്യബോധത്തോടുകൂടിയും മറുപടി പറയാതെ, ചോദ്യകര്‍ത്താക്കളെ വിഡ്ഢികളെന്നും അറിവില്ലാത്തവരെന്നും വിശേഷിപ്പിച്ചാല്‍ അകപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തില്‍നിന്നു രക്ഷപ്പെടാനാകുമോ? ജുഡീഷറി മുമ്പാകെയുള്ള എല്ലാ പരിശോധനകള്‍ക്കും പിണറായി വിധേയനാകണം, ഒളിച്ചോടരുത്. ലാവ്ലിന്‍ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ അസഹിഷ്ണുത കാട്ടാതെ പിണറായിതന്നെ മറുപടി പറഞ്ഞേ തീരൂ. ലാവ്ലിന്‍ അഴിമതിക്കേസില്‍ പ്രതികരിക്കാനില്ലെന്നു വാശിപിടിച്ച സിപിഎം നേതൃത്വത്തെക്കൊണ്ടു മറുപടി പറയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. എന്നാല്‍, പിണറായി പ്രകടിപ്പിച്ച അരാഷ്ട്രീയ പ്രതികരണവും വ്യക്തിഹത്യയും സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയ്ക്കു തെളിവാണെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റില്‍ ചൂണ്ടിക്കാ ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.