മെഡിക്കല്‍ വാല്യൂ ട്രാവല്‍: നജീബ് പ്രസിഡന്റ്, ഡോ. ഹരീഷ് സെക്രട്ടറി
മെഡിക്കല്‍ വാല്യൂ ട്രാവല്‍:  നജീബ് പ്രസിഡന്റ്,  ഡോ. ഹരീഷ് സെക്രട്ടറി
Sunday, February 7, 2016 1:55 AM IST
കൊച്ചി: കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായി കിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബിനെ തെരഞ്ഞെടുത്തു. ആസ്റര്‍ മെഡ്സിറ്റിയുടെ സിഇഒ ഡോ.ഹരീഷ് പിള്ളയെ സെക്രട്ടറിയായും എംഇഎസ് മെഡിക്കല്‍ കോളജിന്റെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എന്‍.എം. മുജീബ് റഹ്മാനെ ട്രഷററായും തെരഞ്ഞെടുത്തു. കേരളത്തെ മെഡിക്കല്‍ വാല്യൂ ട്രാവല്‍ കേന്ദ്രമായി വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ചേര്‍ന്നു രൂപീകരിച്ചതാണു കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റി.

കേരള ഹെല്‍ത്ത് ടൂറിസം ഉച്ചകോടിക്കുശേഷം ഹെല്‍ത്ത് കെയര്‍ ടൂറിസത്തിനായി ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സൊസൈറ്റിക്കു കഴിഞ്ഞ ഒക്ടോബറില്‍ തുടക്കമിട്ടത്. ഇവരെ കൂടാതെ വോട്ടിംഗ് അവകാശമില്ലാത്ത എക്സ് ഓഫിഷ്യോ അംഗങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി, ടൂറിസം വകുപ്പ് സെക്രട്ടറി, വ്യവസായ, ഐടി വകുപ്പ് സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു. ആഗോള മെഡിക്കല്‍ വാല്യൂ ട്രാവല്‍ മാപ്പില്‍ കേരളത്തെ പ്രതിഷ്ഠിക്കുക, 2020 ടെ ആരോഗ്യരംഗത്ത് ഇന്ത്യയിലെ പ്രധാനകേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുകയുമാണു സൊസൈറ്റിയുടെ പ്രഥമ ലക്ഷ്യം. എല്ലാ സ്വകാര്യ, പൊതുമേഖലാ ആശുപത്രികള്‍ക്കും 2020ല്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടിയെടുക്കാനും ഇതുവഴി കേരളത്തിലേക്കു മെഡിക്കല്‍ വാല്യൂ ടൂറിസ്റുകളെ പരമാവധി എത്തിക്കാനുമാണു സൊസൈറ്റിയുടെ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.