ജനവാസകേന്ദ്രങ്ങള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല:ഹൈറേഞ്ച് സംരക്ഷണ സമിതി
Friday, February 12, 2016 11:57 PM IST
കട്ടപ്പന: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍ ഉള്‍പ്പെടുത്താന്‍ പശ്ചിമഘട്ട ജനത അനുവദിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇപ്രകാരം സംഭവിച്ചാല്‍ അത് ഈ മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

ഇഎസ്എ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഉയര്‍ത്തിയ ആശങ്കകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഒരേ വില്ലേജില്‍ ജനവാസകേന്ദ്രങ്ങളും ഇഎസ്എയും ഒരുമിച്ച് അടയാളപ്പെടുത്തിയാല്‍ ആ വില്ലേജ് ഇഎസ്എ വില്ലേജായി പരിഗണിക്കപ്പെടും എന്ന കാര്യം നിരവധി ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിച്ചതാണെങ്കിലും സര്‍ക്കാര്‍ അത് ലാഘവ ബുദ്ധിയോടെ എടുക്കുകയാണ് ചെയ്തത്.


സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതുകൊണ്ടും പരിസ്ഥിതി തീവ്രവാദികളുടെ ഗൂഢാലോചനയില്‍ പെട്ടുപോയതുകൊണ്ടുമാണ് ഈ സാഹചര്യം ഉണ്ടായത്. അടിയന്തരമായി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, മൌലവി മുഹമ്മദ് റഫീക് അല്‍കൌസരി, കെ.കെ. ദേവസ്യ, സി.കെ. മോഹനന്‍, സമിതി സെക്രട്ടറി ജോസഫ് കുഴുപ്പള്ളില്‍, സാബു പ്ളാത്തോട്ടാനി എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.