വിമര്‍ശനത്തെ ഭയപ്പെടുന്നില്ല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വിമര്‍ശനത്തെ ഭയപ്പെടുന്നില്ല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Friday, February 12, 2016 11:45 PM IST
തിരുവനന്തപുരം: വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. നന്ദിപ്രമേയത്തിന്മേല്‍ പൂര്‍ണ ചര്‍ച്ച നടക്കാത്തതില്‍ ദുഃഖമുണ്െടന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വിമര്‍ശനത്തെ ഒരിക്കലും താന്‍ ഭയപ്പെടുന്നില്ല. തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്താന്‍ വിമര്‍ശനം അനിവാര്യമാണ്. പ്രതിഷേധവും മുദ്രാവാക്യവുംകൊണ്ടു സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ ചെറുക്കാനാവില്ലെന്നു മനസിലാക്കിയാണ് നിയമസഭയില്‍നിന്നും പ്രതിപക്ഷം ഒളിച്ചോടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവുമധികം സംതൃപ്തി നല്‍കിയത് ആശ്രയ പദ്ധതിയാണ്. പരസഹായം ഇല്ലാതെ ജീവിക്കാനാകാതെ ഒറ്റപ്പെട്ടുപോയവര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി. ആകെ ജനസംഖ്യയിലെ രണ്ടു ശതമാനമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൃഗങ്ങള്‍ക്കു ലഭിച്ചിരുന്ന സൌകര്യങ്ങള്‍ പോലുമില്ലാതെയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഭക്ഷണം, മരുന്ന്, സാധാരണ ജീവിതം നയിക്കാനുള്ള സൌകര്യം എന്നിവയെല്ലാം ഇവര്‍ക്ക് അന്യമായിരുന്നു. സര്‍ക്കാര്‍ പണം ചെലവഴിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇവരെ ദത്തെടുത്തു. 32 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനും സാധിച്ചു. സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ശരിയും തെറ്റും ഏതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന സമയമുണ്ടാവും. ലോകമറിയുന്ന ടി.പി. ശ്രീനിവാസനെതിരേ എ.കെ. ബാലന്റെ പ്രതികരണം വേദനാജനകമാണ്. മനസുവച്ചാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് അന്തര്‍ദേശീയ ഹബ്ബായി മാറാന്‍ കേരളത്തിനു സാധിക്കും. സാധ്യതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.