വരൾച്ചക്കെടുതി: പ്രത്യേക ദൗത്യവുമായി മമ്മൂട്ടി മുഖ്യമന്ത്രിയെ കണ്ടു
വരൾച്ചക്കെടുതി: പ്രത്യേക ദൗത്യവുമായി മമ്മൂട്ടി  മുഖ്യമന്ത്രിയെ കണ്ടു
Wednesday, April 27, 2016 1:59 PM IST
കൊച്ചി: വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായ സന്നദ്ധത അറിയിച്ച് നടൻ മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെത്തിയാണു മമ്മൂട്ടി മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ചു കൂടിക്കാഴ്ച നടത്തിയത്. കൊടും വരൾച്ചയിൽ ബുദ്ധിമുട്ടുന്നവരുടെ സഹായത്തിനായി പ്രത്യേക ദൗത്യം ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്‌തമാക്കി. വരൾച്ചക്കെടുതിയെ നേരിടുന്നതിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും സർക്കാരിനു നൽകും.

സർക്കാരിന്റെയും വിവിധ സംഘടനകളുടെയും സന്നദ്ധരായ മറ്റുള്ളവരുടെയും സഹകരണത്തോടെ അടിയന്തരമായി സഹായം എത്തിക്കാനാണു ലക്ഷ്യമിടുന്നത്. വരൾച്ച വലിയ രീതിയിൽ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. വെയിലത്തു ജോലി ചെയ്യേണ്ടിവരുന്ന തനിക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ മറ്റാരെക്കാളും നന്നായിട്ട് അറിയാം.

ദുരിതത്തിന്റെ തീക്ഷ്ണത ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ തന്നെക്കൊണ്ടാവുന്ന കാര്യങ്ങൾ ചെയ്യാൻ താത്പര്യമുണ്ട്. നാടിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചു തീരപ്രദേശത്ത് ഉടനീളം, കടുത്ത ജലക്ഷാമം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ഏറ്റവും അധികം സഹായം കേരളത്തിൽനിന്നാണ് ഉണ്ടായത്. ഈ ചിന്ത തന്റെ മനസിലേക്കു വന്നതും ഇത്തരം പ്രവർത്തനത്തിനു മുന്നിട്ടിറങ്ങാൻ പ്രചോദനമായി.


വരൾച്ചക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ യോഗം വിളിച്ചിട്ടുണ്ട്. താൻ വിളിച്ചിട്ടുള്ളവർക്കൊപ്പം ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ സംബന്ധിക്കണമെന്നു മമ്മൂട്ടി അഭ്യർഥിച്ചു. കുടിവെള്ളം, ആഹാരം എന്നിവയ്ക്കു പുറമെ മറ്റ് അടിയന്തര സഹായങ്ങൾ എത്തിക്കാനാണു ശ്രമം. സഹായം ആവശ്യമായവർക്കു ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകൾ നൽകും. ഏതെല്ലാം മേഖലയിൽ സഹായം ആവശ്യമാണെന്നും എന്തൊക്കെ എത്തിക്കാനാകുമെന്നും ഈ യോഗത്തിലാണു വിശദമായി തീരുമാനിക്കുകയെന്നും മമ്മൂട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.