കേരളത്തെ വരൾച്ചബാധിതമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്
Thursday, April 28, 2016 1:31 PM IST
തിരുവനന്തപുരം: കേരളം വരൾച്ച ബാധിതമാണെന്ന് പ്രഖ്യാപിക്കാൻ സംസ്‌ഥാനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. സംസ്‌ഥാനത്തെ പതിനാല് ജില്ലകളും വരൾച്ചയുടെ പിടിയിലാണെന്നും അതിനാൽ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മാനുവൽ ഫോർ ഡ്രൗട്ട് മാനേജ്മെന്റ് 2010, ദേശീയ ദുരന്തനിവാരണ മാർഗരേഖ 2009 എന്നിവയിലെ വ്യവസ്‌ഥകൾ ഇളവ് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വരൾച്ചയുടെ പശ്ചാത്തലത്തിൽ സ്‌ഥിതിഗതികൾ മുഖ്യമന്ത്രി പലതവണ നേരിട്ട് വിലയിരുത്തി. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറുമായി വീഡിയോ കോൺഫറൻസിംഗ് നടത്തിവരുന്നു. ഭൂഗർഭജല സമ്പത്ത് മെച്ചമാക്കാനും കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമങ്ങളിൽ 759 വാട്ടർ കിയോസ്ക്കുകൾ സ്‌ഥാപിക്കുവാനും ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാനും ജില്ലാ കളക്ടർമാർക്ക് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ട്. കുടിവെള്ളവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണിക്കായി 25 കോടി രൂപ ജല അഥോറിറ്റിക്ക് നൽകി. 18 കോടി ലിറ്റർ ജലം 672 ഗ്രാമങ്ങളിലെ 13,245 സ്‌ഥലങ്ങളിൽ വിതരണം ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഇത്രയൊക്കെ മുൻകരുതലുകൾ സർക്കാർ എടുത്തിട്ടും സംസ്‌ഥാനത്തെ സ്‌ഥിതി ഓരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. 30 വർഷത്തിനുള്ളിൽ ആദ്യമായി സംസ്‌ഥാനത്ത് ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും മേയ് 19 വരെ കേരളത്തിൽ കനത്ത ചൂടും വരൾച്ചയും തുടരുമെന്നും ദേശീയ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.