വെള്ളറട വില്ലേജ് ഓഫീസിൽ പൊട്ടിത്തെറി; വില്ലേജ് ഓഫീസർ ഉൾപ്പെടെ 11 പേർക്കു പരിക്ക്
Thursday, April 28, 2016 1:31 PM IST
പാറശാല: വെള്ളറട വില്ലേജ് ഓഫീസിൽ പൊട്ടിത്തെറി. ഓഫീസിലെ ഫയലുകൾ നശിക്കുകയും വില്ലേജ് ഓഫീസർ ഉൾപ്പടെ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ വില്ലേജ് ഓഫീസർ എൻ. മോഹനൻ (51), സ്പെഷൽ വില്ലേജ് ഓഫീസർ ബി. കൃഷ്ണകുമാർ (43), ഫീൽഡ് അസിസ്റ്റന്റ് പ്രഭാകരൻ നായർ (43) വില്ലേജ് അസിസ്റ്റന്റ് വേണുഗോപാൽ (45), വെള്ളറട സ്വദേശി ഇസഹാഖ് (78) എന്നിവരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ വേണുഗോപാലും ഇസഹാഖും ബേൺസ് ഐസിയുവിലാണ്. വേണുഗോപാലിന് 30 ശതമാനവും ഇസഹാഖിന് 10 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ടു ബോധരഹിതയായ വീട്ടമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.

വില്ലേജിലെ ക്ലാർക്കുമാരായ പ്രഭാകരൻ നായർ, കൃഷ്ണകുമാർ എന്നിവരെയും പരിക്കുകളോടെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വില്ലേജിലെ പാർട്ട് ടൈം സ്വീപ്പർ വിജയമ്മയും പരിക്കേറ്റ് ആശുപത്രിയിലാണ്.

വില്ലേജിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ മണിയൻ, ഇസഹാഖ്, വിഷ്ണു, സുന്ദരേശ ബാബു, ചിത്രലേഖ എന്നിവരും ആശുപത്രിയിൽ ചികിത്സയിലാണ്. വില്ലേജ് ഓഫീസിനോടു ചേർന്നാണ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ഫാർമസിസ്റ്റ് മിനിയും പുക ശ്വസിച്ച് ബോധരഹിതയായി. സംഭവം കണ്ട് ബോധരഹിതയായി വീണ വീട്ടമ്മയായ സുധയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വില്ലേജ് ഓഫീസർ ഇരുന്ന മേശയ്ക്കു സമീപം ഹെൽമെറ്റ് ധരിച്ച ഒരാൾ ഒരു പാഴ്സൽ കൊണ്ടുവച്ചശേഷം ഇപ്പോൾ ശരിയാക്കിത്തരാം എന്നു പറഞ്ഞ് കൈയിൽ കരുതിയിരുന്ന ലൈറ്റർ ഉപയോഗിച്ചു കത്തിച്ചു. ഉടൻ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. പാഴ്സൽ കൊണ്ടുവന്ന ആൾ വില്ലേജ് ഓഫീസിന്റെ കതക് അടച്ചശേഷമാണ് ഓടി രക്ഷപ്പെട്ടത്. അക്രമിയുടെ ഷൂസിലും പാന്റ്സിലും തീപടരുന്നതു കണ്ടതായി വില്ലേജ് ഓഫീസർ മോഹൻ പറഞ്ഞു. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ ടോയ്ലെറ്റിൽ കയറി ശരീരത്തിലെ തീകെടുത്തിയ ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.


തീയും പുകയും ഉയർന്നയുടൻ അകത്തുണ്ടായിരുന്നവർ നിലവിളിച്ചു. വില്ലേജ് ഓഫീസർ ഇതിനിടെ ടോയ്ലെറ്റിൽ കുടുങ്ങുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ കോടാലി ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ചാണ് 11 പേരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. പാറശാലയിൽ നിന്നും നെയ്യാറ്റിൻകരയിൽ നിന്നും എത്തിയ അഗ്നിശമനസേന തീ അണച്ചു. വില്ലേജ് ഓഫീസിലെ നിരവധി രേഖകൾ കത്തിനശിച്ചു. ഉച്ചകഴിഞ്ഞ് 2.30നു എത്തിയ ഡോഗ് സ്ക്വാഡ് സ്‌ഥലത്ത് വിശദമായ പരിശോധന നടത്തി. അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന തൊപ്പിയും ബാഗിന്റെ അവശിഷ്‌ടവും വില്ലേജ് ഓഫീസിനു 100 മീറ്റർ അകലെനിന്നു കണ്ടെടുത്തു.

നെയ്യാറ്റിൻകര ഡിവൈഎസ്പി നാസർ, വെള്ളറട സിഐ രവീന്ദ്രൻ, വെള്ളറട എസ്ഐ ഷിബുകുമാർ, ആര്യൻകോട് എസ്ഐ നിസാമിന്റെയും നേതൃത്വത്തിൽ പോലീസ് സംഘം തെളിവെടുപ്പുനട ത്തി. എ.ടി. ജോർജ് എംഎൽഎ സംഭവസ്‌ഥലം സന്ദർശിച്ചു.


<ആ>അട്ടിമറിയല്ലെന്നു പോലീസ്

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ പൊട്ടി ത്തെറിക്കു പിന്നിൽ അട്ടിമറിയില്ലെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വില്ലേജ് ഓഫീസിൽ സ്ഫോടനം നടന്നിട്ടില്ലെന്നും പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ചു തീ കൊളുത്തുകയാണുണ്ടായതെന്നുമാണു പോലീസിന്റെ കണ്ടെത്തൽ.

വില്ലേജ് ഉദ്യോഗസ്‌ഥർക്ക് വാട്സ്ആപ്പിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അടക്കമുള്ളവയും പോലീസ് പരിശോധിക്കുന്നുണ്ട്. അഞ്ചു ലിറ്ററിന്റെയും മൂന്നു ലിറ്ററിന്റെയും കന്നാസുകളിൽ പെട്രോളും മണ്ണെണ്ണയും പൊതിഞ്ഞു കൊണ്ടുവന്നു കത്തിക്കുകയായിരുന്നുവെന്നാണു കണ്ടെത്തൽ. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ മാത്രമേ കൂടുതൽ അന്വേഷണത്തിലേക്കു കടക്കാൻ കഴിയുകയുള്ളൂവെന്നാണു ജില്ലാ പോലീസ് മേധാവി നൽകുന്ന സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.