വരൾച്ചബാധിത സംസ്‌ഥാനമായി പ്രഖ്യാപിക്കും
Thursday, April 28, 2016 1:45 PM IST
തിരുവനന്തപുരം: കേരളത്തെ വരൾച്ച ബാധിത സംസ്‌ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ ഇളവു വേണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കൃഷിമന്ത്രി എന്നിവർക്കു മുഖ്യമന്ത്രി കത്തയച്ചതായി മന്ത്രി അടൂർ പ്രകാശ് അറിയിച്ചു.

വരൾച്ചബാധിത സംസ്‌ഥാനം എന്ന നിലയിൽ നടപടികൾ സ്വീകരിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. സൂര്യാഘാതമേറ്റു മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ സഹായധനമായി നൽകാനും ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കാനും യോഗത്തിൽ തീരുമാനമായി.

വരൾച്ച മൂലം സംസ്‌ഥാനത്ത് 1038 ഹെക്ടർ ഭൂമിയിലെ കൃഷിക്കു നാശമുണ്ടായി. സംസ്‌ഥാന ദുരന്തനിവാരണ സമിതിയുടെ ശിപാർശയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തിനു തന്നെ തീരുമാനം കൈക്കൊള്ളാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർ നടപടികൾക്കു തെഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണം. അവരെ ഉടൻ കാര്യങ്ങൾ അറിയിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ അനന്തര നടപടികൾ സ്വീകരിക്കും.


കേന്ദ്ര പ്രഖ്യാപനം ഉണ്ടായാൽ കൂടുതൽ സഹായങ്ങൾ നല്കാൻ സാധിക്കും. ഇതിനായാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്രത്തിന്റെ ചില മാനദണ്ഡങ്ങൾ കേരളത്തെ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനു തടസമാണ്. അതിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണു കത്തയയ്ക്കുക.

സംസ്‌ഥാനത്ത് സൂര്യാഘാതം സംബന്ധിച്ച് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇന്നലെയാണുണ്ടായത്. അതിനുശേഷം സൂര്യാഘാതമേറ്റു മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കു സർക്കാർ നാലു ലക്ഷം രൂപ വീതം ധനസഹായം നൽകും. അതിനു മുമ്പുണ്ടായ മരണങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായം നൽകും. സൂര്യാഘാതമേറ്റ് ചികിത്സ വേണ്ടവർക്ക് സൗജന്യ ചികിത്സ നൽകും. സൂര്യാഘാതത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാത്തവർക്കു സൗജന്യ റേഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.