ഉമ്മൻ ചാണ്ടിക്കു കിട്ടേണ്ടത് കിട്ടിയെന്നു വി.എസ്
Friday, April 29, 2016 1:18 PM IST
തിരുവനന്തപുരം: ഉത്തരം മുട്ടിയപ്പോൾ തെരഞ്ഞെടുപ്പ് ഗോദായിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഗോദ മാറി കയറിയ ഉമ്മൻ ചാണ്ടി എന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അച്യുതാനന്ദന്റെ ആക്ഷേപം.

ഫേസ്ബുക്കിൽ അച്യുതാനന്ദൻ ഇങ്ങനെ പറയുന്നു: എനിക്കെതിരേ ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത മാനനഷ്‌ട കേസ് തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണയ്ക്കുവന്നു. തന്റെ മാനം ഉറപ്പിക്കുന്നതിനെക്കാൾ എന്റെ വായ് പൊത്തിപിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ ആവശ്യം കൈയോടെ തള്ളി. കോടതിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്നു രൂക്ഷ വിമർശനവും നടത്തി. ചുരുക്കത്തിൽ ഉമ്മൻ ചാണ്ടി ഗോദ മാറി കയറി!

പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി, തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങിവരൂ. ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തെരഞ്ഞെടുപ്പ് കാലത്ത്.


ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പോലെ താങ്കൾ കുറെ വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാൻ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികർത്താക്കൾ ജനങ്ങളാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കൾ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോർക്കളത്തിൽനിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവന്റെ ഭീതി.

കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണിൽ ജീവിക്കുന്ന ജനങ്ങളെ താങ്കൾ വല്ലാതെ ഭയപ്പെടുന്നു.

ഉമ്മൻ ചാണ്ടി, നിങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾ അത് അനുവദിക്കില്ല.” വി.എസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.