ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ; വലിയ പ്രതീക്ഷയോടെ ബിജെപി
Friday, April 29, 2016 1:35 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം: നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായി മത്സരചിത്രം തെളിയുമ്പോൾ ഭൂരിഭാഗം മണ്ഡലങ്ങളിലും മുന്നണികൾ തമ്മിൽ കടുത്ത മത്സരം. ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ബിജെപി– ബിഡിജെഎസ് സാന്നിധ്യം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു.

വികസനം ഉയർത്തിക്കാട്ടി ഭരണത്തുടർച്ച തേടുന്ന യുഡിഎഫ് അവർക്ക് അനുകൂലമായ അന്തരീക്ഷമുണ്ടെന്നു വിലയിരുത്തുന്നു. അഴിമതി മുഖ്യ പ്രചാരണ ആയുധമാക്കി ഇടതുമുന്നണിയും, പ്രത്യേകിച്ച് വി.എസ്. അച്യുതാനന്ദനും പ്രചാരണം നയിക്കുന്നു. ഒപ്പം, കോൺഗ്രസ് – ബിജെപി ബന്ധമെന്ന പതിവ് ആരോപണവും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉയർത്തുന്നു. അവരും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കും വെള്ളാപ്പള്ളി നടേശനുമെതിരേ ആഞ്ഞടിച്ച ഇടതുപക്ഷം ഇത്തവണ ഇതുവരെ കാര്യമായ ആക്രമണം ആരംഭിച്ചിട്ടില്ല. സർക്കാരിനെതിരായ വികാരം വളർത്തിക്കൊണ്ടു വരുന്നതിലാണ് ഇടതുമുന്നണി ഇപ്പോൾ ശ്രദ്ധയൂന്നുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ വിഷയങ്ങളുമായി ഇരുമുന്നണികളും വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങൾ പയറ്റുമെന്നുറപ്പാണ്.

ഭരണപക്ഷത്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാന പ്രചാരകർ. എങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവരുടെ താരപ്രചാരകനായി മാറിക്കഴിഞ്ഞു.

നേതൃപദവിയെ ചൊല്ലിയുള്ള തർക്കം സിപിഎമ്മിൽ നീറിപ്പുകഞ്ഞു നിൽക്കുമ്പോഴും ഇടതുമുന്നണിയുടെ പ്രധാന പ്രചാരകനായി ഇത്തവണയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉയർന്നുകഴിഞ്ഞു. തർക്കങ്ങൾ മാറ്റിവച്ചു തത്കാലം വി.എസിന്റെ ജനപ്രിയത വോട്ടാക്കി മാറ്റാൻ സിപിഎമ്മും തീരുമാനിച്ചു.

ഭരണപക്ഷത്തിനെതിരേ മയമില്ലാത്ത ആരോപണങ്ങളുമായി വി.എസ്. അച്യുതാനന്ദൻ കളംനിറഞ്ഞതോടെ ഭരണപക്ഷം വി.എസിനെതിരേ ആക്രമണം അഴിച്ചുവിടുന്ന തന്ത്രത്തിലേക്കു ചുവടുമാറ്റിയിരിക്കുകയാണ്. വി.എസ്– പിണറായി തർക്കത്തിൽ ഏറ്റുപിടിച്ച യുഡിഎഫ് നേതൃത്വം പിന്നാലെ വി.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ 136 കേസുകളുണ്ടെന്ന വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടി കൈക്കൊണ്ടുകൊണ്ടാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചടി നൽകിയത്.

അഴീക്കോട് മണ്ഡലത്തിലെ സിപിഎം സ്‌ഥാനാർഥി നികേഷ്കുമാറിനെതിരേയുള്ള കേസിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സ്റ്റേറ്റ് പോലീസ് ചീഫിനെഴുതിയ കത്ത് പുറത്തുവിട്ടതു വി.എസിനു ക്ഷീണമായി. തന്റെ ഓഫീസിൽ കിട്ടുന്ന പരാതികളിൽ സ്വീകരിക്കുന്ന പതിവു നടപടിക്രമമെന്നു പറഞ്ഞ് അദ്ദേഹം തടിയൂരാൻ ശ്രമിച്ചെങ്കിലും കത്ത് വി.എസിനു ക്ഷീണം തന്നെയായി.

അഴിമതി എന്ന ഒറ്റ വിഷയത്തിൽ ഊന്നിയാണ് വി.എസ്. അച്യുതാനന്ദൻ പ്രചാരണം നടത്തുന്നത്. വി.എസിന്റെ പൊതുയോഗങ്ങളിൽ വലിയ ആൾക്കൂട്ടവുമെത്തുന്നു.


അരുവിക്കര ഉപതെരഞ്ഞെടുപ്പിലും വി.എസിന്റെ യോഗങ്ങളിൽ ആൾക്കൂട്ടത്തിനു കുറവില്ലായിരുന്നു എന്നു യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തെരഞ്ഞെടുപ്പു ഫലത്തിൽ ഇതു പ്രതിഫലിച്ചില്ല. വികസനത്തിനൊപ്പം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും യുഡിഎഫ് മെല്ലെ പ്രയോഗിച്ചുതുടങ്ങി. ജയരാജന്റെ പ്രസംഗവും നാദാപുരത്ത് നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഏതാനും പേർക്കു പരിക്കേറ്റതും അവർക്കു വീണുകിട്ടിയ ആയുധങ്ങളായി.

പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോഴും പല മണ്ഡലങ്ങളും മുന്നണികളുടെ ബുദ്ധികേന്ദ്രങ്ങൾക്കു പിടികൊടുക്കാത്ത നിലയിലാണ്. ഒപ്പത്തിനൊപ്പം പോരാട്ടം നടക്കുന്ന ഈ മണ്ഡലങ്ങൾ പിടിക്കാൻ ഇരുകൂട്ടരും പരമാവധി പയറ്റുകയാണ്. ഇതിനിടെയാണ് ബിജെപി–ബിഡിജെഎസ് സ്‌ഥാനാർഥികളുടെ കാടിളക്കിയുള്ള പ്രചാരണം. പത്തോളം സീറ്റുകളിൽ മികച്ച പ്രതീക്ഷയുണ്ടെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇതിൽ ബിഡിജെഎസ് മത്സരിക്കുന്ന ഏതാനും സീറ്റുകളും പെടും. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ആരെ വരിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല.

ഇതുകൂടാതെ ബിജെപി മാന്യമായ പ്രകടനം നടത്തുമെന്നുറപ്പുള്ള മറ്റു ചില മണ്ഡലങ്ങൾ ഇരുമുന്നണികൾക്കും തലവേദനയാണ്. ആരുടെ വോട്ടുകളാണ് ബിജെപി പിടിക്കുന്നതെന്ന ആശങ്ക അവർക്കുണ്ട്. ഓരോ മണ്ഡലത്തിലും സ്‌ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിജെപി കൂടുതലായി പിടിക്കുന്ന വോട്ടുകൾ ആരുടേതാകുമെന്നു പറയാൻ സാധിക്കാത്ത സ്‌ഥിതിയാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വരുംദിവസങ്ങളിൽ കേരളത്തിലെത്തും. മോദിയുടെ പര്യടനത്തോടെ ബിജെപിയുടെ സാധ്യതകൾ വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അടുത്തയാഴ്ച അവസാനം മോദി കേരളത്തിലെത്തും. ദേശീയ അധ്യക്ഷൻ അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ഈ ദിവസങ്ങളിൽ ബിജെപി സ്‌ഥാനാർഥികൾക്കു വോട്ടു തേടി കേരളത്തിലെത്തും.

കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിനെത്തുന്നുണ്ട്. മുതിർന്ന നേതാവ് എ.കെ. ആന്റണി നാളെ കാസർഗോട്ടുനിന്ന് പ്രചാരണ പര്യടനം ആരംഭിക്കും. എല്ലാ ജില്ലകളിലും ആന്റണി എത്തുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും എൽഡിഎഫ് സ്‌ഥാനാർഥികൾക്കായും പ്രചാരണത്തിനെത്തുന്നുണ്ട്.

ഇരുമുന്നണികൾക്കും ബിജെപിക്കും ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്. കടുത്ത ചൂട് പ്രചാരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ചൂടു വകവയ്ക്കാതെ പ്രചാരണരംഗത്തിറങ്ങാൻ സ്‌ഥാനാർഥികളും പ്രവർത്തകരും ഇനിയുള്ള ദിവസങ്ങളിൽ നിർബന്ധിതരാകും. അഴിമതി ആരോപണങ്ങൾ ഒരുവശത്തും വികസന– ക്ഷേമ പ്രവർത്തനങ്ങൾ മറുവശത്തും നിൽക്കുമ്പോൾ ജനം ആരെ തുണയ്ക്കുമെന്ന ചോദ്യമാണു സംസ്‌ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.