കാറിനു മുകളിലേക്കു ട്രെയിലർ മറിഞ്ഞു സഹോദരങ്ങളടക്കം നാലു പേർ മരിച്ചു
കാറിനു മുകളിലേക്കു ട്രെയിലർ മറിഞ്ഞു സഹോദരങ്ങളടക്കം നാലു പേർ മരിച്ചു
Saturday, April 30, 2016 1:54 PM IST
കോട്ടയ്ക്കൽ: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്തു ദേശീയപാതയിൽ പാലച്ചിറമാട് വളവിൽ ലോഡുമായി ട്രെയ്ലർ കാറിനു മുകളിലേക്കു മറിഞ്ഞു സഹോദരങ്ങളായ മൂന്നുപേരടക്കം മാഹി സ്വദേശികളായ നാലുപേർ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഈസ്റ്റ് പള്ളൂർ കല്ലുങ്കൽ ബൈത്തുൽ മുബാറക്കിലെ മഹറൂഫ്–സെയ്ദ ദമ്പതികളുടെ മക്കളായ ഷംസീർ (28), ഫൈസൽ (26), പർവീസ് (19), അയൽവാസിയായ ബൈത്തുൽ അറഫയിലെ പരേതനായ പോക്കർ–നഫീസ ദമ്പതികളുടെ മകൻ ഷംസീർ (29) എന്നിവരാണു മരിച്ചത്. മഹറൂഫ് (58), മറ്റൊരു മകൻ മർഷാദ് (23), നൗഫൽ (24), ഡ്രൈവർ സിനോജ് (33) എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

മാഹി ഈസ്റ്റ് പള്ളൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ഇന്നോവ കാറിനു മുകളിലേക്കു നിയന്ത്രണംവിട്ട ട്രെയ്ലർലോറി മറിയുകയായിരുന്നു. മഹറൂഫിന്റെ മകൻ ഷംസീറിനെ സൗദി അറേബ്യയിലേക്കു യാത്രയയയ്ക്കാൻ പുറപ്പെട്ടതായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ പാലച്ചിറമാട് വളവിലെത്തിയപ്പോൾ പുറകെവരികയായിരുന്ന ട്രെയ്ലർ നിയന്ത്രണംവിട്ടു കാറിൽ ഇടിക്കുകയായിരുന്നു. ട്രെയ്ലറിന്റെ കാബിൻ വേർപെട്ട് അലൂമിനിയം ഷീറ്റ് കയറ്റിയ പ്ലാറ്റ്ഫോം ലോഡ് സഹിതം കാറിനു മുകളിലേക്കു പതിക്കുകയുമായിരുന്നു. ദുരന്തമുണ്ടായ ഉടനെ ട്രെയ്ലറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

അപകട വിവരമറിഞ്ഞു പി.കെ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പാലച്ചിറമാട് സേവ്യേഴ്സ് ടീമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. തുടർന്നു കൽപകഞ്ചേരി പോലീസും കോട്ടയ്ക്കൽ പോലീസും ഹൈവേ പോലീസുമെത്തി. തിരൂർ ഫയർഫോഴ്സും അപകടസ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടസമയത്ത് അതുവഴിയെത്തിയ ലോറികളിൽനിന്നുള്ള വടങ്ങൾ ഉപയോഗിച്ചു നിരവധിപേർ ചേർന്നാണു കാർ ട്രെയ്ലറിന്റെ പ്ലാറ്റ്ഫോമിന്റെ അടിയിൽനിന്നു നീക്കിയത്. കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാലു പേർ അപകടസ്‌ഥലത്തുതന്നെ മരിച്ചു.


മുംബൈയിൽനിന്നു കൊച്ചിയിലേക്കു അലൂമിനിയം ഷീറ്റുകളുടെ ഏഴു കൂറ്റൻ റോളുകളുമായി പോകുകയായിരുന്ന ട്രെയ്ലറാണ് അപകടമുണ്ടാക്കിയത്. ഒരു റോളിനു ആറു ടണ്ണോളം ഭാരം വരും. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തിച്ചു ചൊക്ലി കണ്ണോത്ത് ജുമാമസ്ജിദിൽ കബറടക്കി.

മരിച്ച സഹോദരങ്ങളായ ഷംസീറിന്റെ ഭാര്യ നസ്മിനയും ഫൈസലിന്റെ ഭാര്യ സാജിദയുമാണ്. മൂന്നു മാസംമുമ്പായിരുന്നു ഇവരുടെ വിവാഹം. മർഫീന, സിദ എന്നിവർ സഹോദരിമാരാണ്. സപ്നയാണ് മരിച്ച ഷംസീറിന്റെ ഭാര്യ. ഷംസുദ്ദീൻ, സാജിദ, സെറീന, ഷഫീഖ്, ഷറഫുദീൻ എന്നിവർ സഹോദരങ്ങളാണ്.

<ആ>ഇരട്ടവിവാഹത്തിന്റെ ആഹ്ലാദാരവങ്ങൾ ഒഴിയുംമുമ്പേ ദുരന്തം

മാഹി: മൂന്നുമാസം മുമ്പു രണ്ടു സഹോദരങ്ങളുടെ വിവാഹം ഒരേ ദിവസം നടന്ന വീട്ടിൽ ഇന്നലെ എത്തിച്ചതു നവവരന്മാരുടെയടക്കം മൂന്നു സഹോദരങ്ങളുടെ നിശ്ചലശരീരങ്ങൾ. ഇരട്ടവിവാഹം നടന്നതിന്റെ ആഹ്ലാദാരവങ്ങൾ ഒഴിയാതെനിന്ന ഈസ്റ്റ് പള്ളൂർ കല്ലുങ്കൽ ബൈത്തുൽ മുബാറക്ക് വീട്ടിൽ പിന്നെ ഉയർന്നതു ഹൃദയം പിളർക്കുന്ന നിലവിളികൾ.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ01മരരശറലിബേശിിീ്മ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കൂട്ടമരണ വാർത്തകേട്ട് ഞെട്ടലോടെയാണു പള്ളൂർ ഗ്രാമം ഇന്നലെ ഉണർന്നത്. വാർത്തകേട്ടവർ വിശ്വസിക്കാനാകാതെ ആദ്യം പകച്ചുനിന്നു. പിന്നെ മരിച്ചവരുടെ വീടുകളിലേക്കു ജനപ്രവാഹമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം നാലുമൃതദേഹങ്ങളും നാട്ടിലെത്തിച്ചപ്പോൾ വീടും പരിസരവും ജനനിബിഡമായി.

നാട്ടിലെത്തിച്ച മൃതദേഹങ്ങൾ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് രംഗത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.