വൈദ്യുത സുരക്ഷാ വാരാചരണം: നിർദേശങ്ങൾ പുറപ്പെടുവിച്ചു
Monday, May 2, 2016 12:56 PM IST
തിരുവനന്തപുരം: വൈദ്യുത സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്ക് ചുവടെയുളള നിർദേശങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വൈദ്യുതി വയറിംഗ് ശരിയായ രീതിയിൽ പരിപാലിക്കണം. ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്‌ഞാനവും ഉളളവരെക്കൊണ്ടും മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കണം. ഐഎസ്ഐ മുദ്രയുളളതോ തത്തുല്യമായ നിലവാരമുളളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രമേ വയറിംഗിന് ഉപയോഗിക്കാവു. വൈദ്യുത ലൈനിനു സമീപമുളള മരങ്ങളിൽ നിന്നു ലോഹനിർമിതമായ കമ്പി, പൈപ്പ് മുതലായവ ഉപയോഗിച്ച് കായ്ഫലങ്ങൾ പറിക്കരുത്. വൈദ്യുത ലൈനിനു താഴെ വാഹനങ്ങൾ പാർക്ക് ചെയ്തു സാധനങ്ങൾ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. വീടുകളിലെ എർത്ത് കമ്പികളിൽ സ്പർശിക്കാൻ പാടില്ല.

ലൈനിന് അടിയിലോ പരിസരത്തോ കെട്ടിടങ്ങൾ പണിയുകയോ മരങ്ങൾ വച്ചുപിടിപ്പിക്കുകയോ ചെയ്യരുത്. വയറിംഗിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ച മൂലം ഉളള അപകടം ഒഴിവാക്കാൻ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) മെയിൽ സ്വിച്ചിനോടനുബന്ധിച്ച് സ്‌ഥാപിക്കണം. ഷോക്കു മൂലം അപകടം പറ്റിയ വ്യക്‌തിയെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പർശിക്കാവൂ. വൈദ്യുത ആഘാതമേറ്റു നിൽക്കുന്ന വ്യക്‌തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുത വാഹിയല്ലാത്തതും ഈർപ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുത ബന്ധത്തിൽ നിന്നു വേർപ്പെടുത്തണം. കേബിൾ ടിവിയുടെ കണക്ടർ ടിവിയുടെ പുറകുവശത്ത് ഘടിപ്പിക്കുമ്പോൾ ലോഹനിർമിതമായ ഭാഗത്ത് സ്പർശിക്കരുത്. വൈദ്യുതി വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.


വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കുകയും സോക്കറ്റിൽ നിന്നും പ്ലഗ് പിൻ ഊരി മാറ്റുകയും ചെയ്യുക. കേടായ വൈദ്യുതി ഉപകരണങ്ങൾ ഉടൻ തന്നെ നന്നാക്കുകയോ പകരം മറ്റൊന്നു ഉപയോഗിക്കുകയോ ചെയ്യുക.

വൈദ്യുതി ലൈനുകൾക്കു താഴെ കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂട്ടിയുളള അനുവാദം വാങ്ങണം. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികളിൽ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക. അങ്ങനെയുളളവ ശ്രദ്ധയിൽപെട്ടാൽ ഏറ്റവും അടുത്ത കെഎസ്ഇബി ഓഫിസിൽ വിവരം അറിയിക്കുകയും മറ്റുളളവരെ അതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക. കമ്പി വേലികളിൽ വൈദ്യുതി സപ്ലൈ കൊടുക്കാതിരിക്കുക. പൊതുയോഗങ്ങൾ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങൾ, കൊടിതോരണങ്ങൾ എന്നിവ വൈദ്യുത പോസ്റ്റുകളിലും ട്രാൻസ്ഫോമർ സ്ട്രക്ചറിലും കെട്ടരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.