മുഖപ്രസംഗം: ഇവരൊക്കെ മനുഷ്യർ തന്നെയോ?
Tuesday, May 3, 2016 1:09 PM IST
പെരുമ്പാവൂർ കുറുപ്പംപടിയിൽ ജിഷയെന്ന നിയമവിദ്യാർഥിനി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം ഡൽഹിയിലെ നിർഭയ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാൽ രണ്ടു സംഭവങ്ങളും തമ്മിൽ പ്രകടമായ ചില അന്തരങ്ങളുമുണ്ട്. ഡൽഹിയിൽ രാത്രിയാത്രയ്ക്കിടെ ബസിൽ കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു യുവതി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ചവശനാക്കിയശേഷമായിരുന്നു നിർഭയയോടുള്ള ക്രൂരത. ദിവസങ്ങളോളം ആശുപത്രിയിൽ ജീവനുവേണ്ടി മല്ലടിച്ച നിർഭയ ഒടുവിൽ മരണത്തിനു കീഴടങ്ങി. ജിഷ കൊല്ലപ്പെട്ടതു പട്ടാപ്പകലാണ്, അത്ര വിജനമല്ലാത്ത ഒരിടത്ത്.

ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലും വിദ്യാഭ്യാസത്തിലൂടെ നല്ലൊരു ജീവിതം ജിഷ കൊതിച്ചിരുന്നു. അനാരോഗ്യവതിയായ അമ്മയ്ക്കൊപ്പം പുറമ്പോക്കുഭൂമിയിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ജിഷ ഇക്കാലമത്രയും എങ്ങനെ ജീവിച്ചുവെന്ന് അന്വേഷിക്കാത്തവരെല്ലാം ഇപ്പോൾ ജിഷയ്ക്കുവേണ്ടി ശബ്ദമുയർത്താൻ സംഘടിതരായി എത്തിയിട്ടുണ്ട്. വികസിത സമൂഹമെന്ന അഭിമാനം ഉയർത്തിപ്പിടിക്കുമ്പോഴും കേരളത്തിൽ ഇത്തരം അതിക്രൂരമായ സ്ത്രീപീഡനങ്ങൾ പുത്തരിയല്ല. സ്ത്രീകളും കുട്ടികളും പൊതുസ്‌ഥലങ്ങളിൽമാത്രമല്ല, വീടിനുള്ളിൽപ്പോലും പീഡനങ്ങൾക്കിരയാകുന്നു. അപൂർവം ചില സംഭവങ്ങൾ മാത്രം പുറത്തുവരുന്നു. വീട്ടിലേക്കുള്ള യാത്രമധ്യേ ഷൊർണൂരിൽവച്ച് സൗമ്യ എന്ന പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളി താഴെയിട്ട് ബലാൽസംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെന്ന കാപാലികൻ കൊലമരത്തിലേക്കുള്ള കോടതിവിധിയെ അതിജീവിച്ച് ജയിലിൽ സുഖവാസത്തിലാണെന്നായിരുന്നു കുറെക്കാലം മുമ്പുവന്നൊരു റിപ്പോർട്ടിൽനിന്നു മനസിലാക്കാൻ കഴിഞ്ഞത്.

പിതാവോ സഹോദരങ്ങളോ തുണയില്ലാതെ പുറമ്പോക്കിൽ രോഗബാധിതയായ അമ്മയോടൊപ്പം കഴിയേണ്ടിവന്ന ജിഷയുടെ മരണത്തിനുത്തരവാദി ആരായിരുന്നാലും അയാളൊരു കൊടും ക്രിമിനലാണെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. അത്രയ്ക്കും ക്രൂരമായാണ് അയാൾ കൊലപാതകം നടത്തിയത്. രഹസ്യഭാഗങ്ങളിൽ ഇരുമ്പുദണ്ഡു കയറ്റിയും തലയ്ക്കും മുഖത്തുമൊക്കെ വലിയ പരിക്കേല്പിച്ചും നടത്തിയ കൊലപാതകം അതിനിഷഠുരം തന്നെ. മകളെ പഠിപ്പിക്കാനും വീടു പുലർത്താനും വീടുവിട്ടുപോകേണ്ടിവരുന്ന നിസഹായയായ ആ അമ്മയ്ക്ക് തന്റെ മകളുടെ സുരക്ഷയോർത്ത് എന്നും ആശങ്കയുണ്ടായിരുന്നു. തങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് അവർ പോലീസിലും പരാതിപ്പെട്ടിരുന്നു. ആ ആശങ്ക അർഥവത്തായിരുന്നുവെന്നു കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ്അവർ മനസിലാക്കിയത്. കോളനികളിലും പുറമ്പോക്കുകളിലും തികച്ചും പരിതാപകരമായ സാഹചര്യത്തിൽ അരക്ഷിതരായി ജീവിക്കുന്നവരെക്കുറിച്ച് സർക്കാരും തദ്ദേശസ്‌ഥാപനങ്ങളും കൂടുതൽ കരുതൽ കാണിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.

മാധ്യമങ്ങൾ ഈ കൊടുംപാതകത്തിന്റെ ക്രൂരത പുറത്തുകൊണ്ടുവന്നപ്പോൾ മാത്രമാണു രാഷ്ട്രീയക്കാരും മറ്റും രംഗത്തുവന്നത്. നമ്മുടെ നാട്ടിലെ പതിവു നിസംഗതയും രാഷ്ട്രീയ മുതലെടുപ്പും ഇവിടെയും ദൃശ്യമായി. അഞ്ചു ദിവസം ഇതൊന്നും അറിയാതിരുന്ന രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പു കാലത്തു വീണുകിട്ടിയ വടി ഉപയോഗിക്കാൻ മത്സരിച്ചു. ഈ സംഭവത്തിന്റെ പേരിൽ സംസ്‌ഥാനത്തെ ക്രമസമാധാനനില ആകെ തകരാറിലാണെന്നു സ്‌ഥാപിക്കാനാണു ചിലരുടെ ശ്രമം. കിട്ടിയ അവസരം പാഴാക്കാതെ അവർ അത് ആഘോഷിക്കുകയും ചെയ്തു. ഡൽഹി മോഡൽ പ്രക്ഷോഭം ചില നഗരങ്ങളിൽ അരങ്ങേറി. സുരക്ഷിതമായ ഗാർഹിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തെരുവിലിറങ്ങി പ്രകടനം നടത്തുമ്പോൾ റോഡു പുറമ്പോക്കുകളിലും മറ്റും കഴിയുന്ന തങ്ങളുടെ സഹോദരിമാരുടെ അവസ്‌ഥയെക്കുറിച്ച് എത്രമാത്രം മനസിലാക്കിയിട്ടുണ്ടാവും എന്നറിയില്ല.


ജിഷയുടെ കൊലപാതകം നടന്ന ആദ്യ ദിവസങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശുഷ്കാന്തിയോടെയുള്ള അന്വേഷണം ഉണ്ടായില്ല എന്ന ആരോപണത്തിൽ കഴമ്പുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം വാർത്താപ്രാധാന്യം കിട്ടുമ്പോൾ മാത്രം ഊർജിതപ്പെടുത്തേണ്ടതല്ല. ശക്‌തമായൊരു പോലീസ് സംവിധാനം നിലവിലുള്ള സംസ്‌ഥാനത്ത് ഇതുപോലുള്ള അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ഊർജിതമായ അന്വേഷണം നടക്കണം. ഇവിടെ ജിഷയുടെ ഘാതകരെ സംരക്ഷിക്കാൻ ആരും ശ്രമിച്ചതായി പറയപ്പെടുന്നില്ല. എന്നാൽ അതിക്രൂരമായൊരു കൊലപാതകം നടത്തിയെന്നു ബോധ്യപ്പെട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാൻ പോലീസ് അമാന്തം കാട്ടിയെന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.

മാധ്യമങ്ങൾ സംഭവങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതു കാത്തിരിക്കേണ്ടവരല്ല പോലീസ്. ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയപ്പോൾ കൊലപാതകത്തിലെ ക്രൂരത വ്യക്‌തമാക്കുന്ന പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. മാറിലും കഴുത്തിലും 13 ഇഞ്ച് ആഴമുള്ള മുറിവും വൻകുടൽ പുറത്തുവന്നതും ബലാൽസംഗശ്രമവുമൊക്കെ വ്യക്‌തമായ സാഹചര്യത്തിൽ കൊലപാതകിയെ സത്വരം കണ്ടെത്താൻ പോലീസ് ശ്രമിക്കേണ്ടിയിരുന്നു. ഏതായാലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമൊക്കെ സജീവമായി ഇടപെട്ടതോടെ അന്വേഷണം ഊർജിതമായി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. പട്ടികജാതി–പട്ടികവർഗ കമ്മീഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഠിനമായ ജീവിത സാഹചര്യങ്ങളെ നേരിട്ടിട്ടും അറിവിനോടുള്ള ത്വര അണയാതെ കാത്തുസൂക്ഷിക്കുകയും അഭിമാനത്തോടെ ജീവിക്കാനുള്ള അവസരത്തിനായി പൊരുതുകയും ചെയ്ത ഈ യുവതി നാടു ഭരിക്കാൻ ഒരുങ്ങിനിൽക്കുന്നവരുടെ മുന്നിൽ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മലയാളിയുടെ ആത്മാഭിമാനത്തിലാണ് ആ ചോദ്യങ്ങളോരോന്നും ചെന്നു തറയ്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.