സുഷുമ്നാ നാഡിക്കു ക്ഷതമേറ്റു ജീവിതം വീൽചെയറിൽ ഒതുക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് ‘സിയാൽ’
സുഷുമ്നാ നാഡിക്കു ക്ഷതമേറ്റു ജീവിതം വീൽചെയറിൽ ഒതുക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് ‘സിയാൽ’
Sunday, May 22, 2016 12:47 PM IST
മാലക്കല്ല്(കാസർഗോഡ്): ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്നവർക്ക് എവിടെവരെ ഓടിയെത്താനാകും. നാലുചുവരുകളുടെ വിശാലതയിൽ എന്നു മാത്രമായിരിക്കും ഭൂരിപക്ഷ ഉത്തരം. പക്ഷേ, ചുവരുകൾക്കപ്പുറത്തേക്കു പറക്കാൻ സമാന സ്വഭാവക്കാർ ഒരുമിച്ചൊരു തീരുമാനമെടുത്തെങ്കിലോ അഭിമാനകരവും അഭിനന്ദനകരവും എന്നായിരിക്കില്ലേ അഭിപ്രായം. അതെ, അങ്ങനെയൊരു അഭിപ്രായം നൽകും സിയാൽ എന്ന സംഘടന.

സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റ് ജീവിതം വീൽചെയറിൽ ഒതുക്കപ്പെട്ടവരുടെ ’ഉന്നമനം’ ലക്ഷ്യമിട്ടാണ് സിയാൽ (സ്പൈനൽകോർഡ് ഇൻജുറീസ് അസോസിയേഷൻ ഫോർ ലൗവ് ആൻഡ് ലൈവ്) എന്ന സംഘടന രൂപീകൃതമായിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മാലക്കല്ല് എന്ന ഗ്രാമമാണ് ഈ വലിയ ആശയത്തിന്റെ ആസ്‌ഥാന സ്‌ഥലം. സമാന രോഗത്താൽ ജീവിതം വീൽചെയറിൽ തള്ളിനീക്കുന്നവരുടെ നേതൃത്വത്തിലാണു സംഘടന രൂപീകൃതമായത്.

വിൽചെയറിൽ ജീവിതം തള്ളിനീക്കുന്നവരുടെ അവകാശങ്ങൾ നേടിയെടുക്കുക, ചികിത്സയും പുനരധിവാസവും യാത്രാ സൗകര്യങ്ങളും ലഭ്യമാക്കുക, സ്വയംപര്യാപ്തരായി ജീവിതോപാധി കണ്ടെത്തുക, ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായമേകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയുടെ പ്രസിഡന്റ് ബെന്നി മാലക്കല്ല്, സെക്രട്ടറി മൊയ്തീൻകുഞ്ഞി ചെർക്കള, ട്രഷറർ അഹമ്മദ് മുള്ളേരിയ.


കാസർഗോഡ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ആരോഗ്യ വകുപ്പുമായി ചേർന്നു പാരാപ്ലീജിയ രോഗികൾക്കുവേണ്ടി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ നടത്തിയ കുടുംബ സംഗമങ്ങളും തൊഴിൽ പരിശീന ക്യാമ്പുകളുമാണ് സംഘടനയുടെ രൂപീകരണത്തിനു പ്രേരകമായതെന്നു പ്രസിഡന്റ് ബെന്നി മാലക്കല്ല് പറഞ്ഞു.

സഹൃദയരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴിഞ്ഞമാസം കാസർഗോഡ് ജില്ലയിലെ റാണിപുരത്തു സംഗമം സംഘടിപ്പിച്ചു. അവിടെനിന്നാണ് സംഘടന രൂപീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിയതെന്നു ബെന്നി പറഞ്ഞു.

ംഘടനയുടെ ആദ്യ പ്രവർത്തനമെന്ന നിലയിൽ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച കാസർഗോഡ് ജില്ലയിലെ 16 കിടപ്പുരോഗികളുടെ വീടുകളിൽ സമ്മാനപ്പൊതികളുമായി എത്തുകയും ദുരിതങ്ങളിൽ സ്വാന്ത്വനമാകുകയും ചെയ്തു. സംഘടനയെക്കുറിച്ച് അറിയുന്നതിനും അംഗങ്ങളാകുന്നതിനും 8547544111, 9567820106 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.