നിയമസഭാ പരാജയം ചർച്ച ചെയ്യാൻ ഇന്നു കെപിസിസി, നാളെ യുഡിഎഫ്
നിയമസഭാ പരാജയം ചർച്ച ചെയ്യാൻ ഇന്നു കെപിസിസി, നാളെ യുഡിഎഫ്
Sunday, May 22, 2016 12:53 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ ഇഴകീറി പരിശോധിക്കാൻ കെപിസിസി നിർവാഹക സമിതി യോഗം ഇന്നു ചേരും. മുന്നണിയുടെ പരാജയം പരിശോധിക്കാൻ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം നാളെ വൈകുന്നേരവും നടക്കും.

കോൺഗ്രസ് സ്‌ഥാനാർഥികളുടെ ദയനീയ പരാജയമാകും ഇന്നു രാവിലെ 10.30നു ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ ചർച്ചയാകുക. 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 22 സീറ്റിൽ മാത്രമാണു വിജയിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പിസം ഉൾപ്പെടെയുള്ള ഘടകങ്ങൾ വൻ പരാജയത്തിന് ഇടയാക്കിയെന്ന വിമർശനവും പരാതിയും ഉയർന്നിരുന്നു. പ്രത്യേകിച്ചു വിജയസാധ്യത പ്രതീക്ഷിച്ചിരുന്ന തൃശൂർ ജില്ലയിലുണ്ടായ പരാജയം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

അവസാന സമയത്തടക്കം സർക്കാരിനെതിരേ കെപിസിസിയിൽ നിന്നുയർന്ന എതിർപ്പുകളും പരാജയത്തിന് ആക്കം കൂട്ടിയെന്ന വിമർശനം പരാജയപ്പെട്ടവർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നു ചേരുന്ന കെപിസിസി യോഗം ചർച്ച ചെയ്യും.


പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച ചർച്ചയും ഇതോടൊപ്പമുണ്ടാകും. വിജയിച്ച എംഎൽഎമാരിൽ ഐ ഗ്രൂപ്പിനു ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ രമേശ് ചെന്നിത്തലയാണു പ്രതിപക്ഷ നേതാവാകാൻ മുന്നിലുള്ളത്. ഇക്കാര്യം ഇന്നലെ ചെന്നിത്തല കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ അറിയിച്ചിരുന്നു. എന്നാൽ, എംഎൽഎമാരുടെ അഭിപ്രായം പരിഗണിച്ചു കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നാണു നേതാക്കൾ നൽകുന്ന സൂചന.

ജയിച്ചുവന്ന 22 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്. കടുത്ത എ ഗ്രൂപ്പുകാർ ആറു പേർ മാത്രമാണു ജയിച്ചു കയറിയത്. കോൺഗ്രസ് എംഎൽഎമാരിൽ മൂന്നു പേർ നിക്ഷ്പക്ഷരായാണു കരുതപ്പെടുന്നത്. പ്രതിപക്ഷ നേതൃപദവി വേണമെന്നു രമേശ് ചെന്നിത്തല ആവശ്യം ഉന്നയിക്കാൻ കാരണമിതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.