മുഖ്യമന്ത്രിസ്‌ഥാനം ഒഴിഞ്ഞിട്ടും തിരക്കിൽ കുറവില്ലാതെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്”
മുഖ്യമന്ത്രിസ്‌ഥാനം ഒഴിഞ്ഞിട്ടും തിരക്കിൽ കുറവില്ലാതെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്”
Sunday, May 22, 2016 4:35 PM IST
പാമ്പാടി: മുഖ്യമന്ത്രിസ്‌ഥാനം ഒഴിഞ്ഞിട്ടും ഉമ്മൻചാണ്ടിയുടെ തിരക്കിനു കുറവില്ല. ശനിയാഴ്ച രാത്രി പുതുപ്പള്ളിയിലെ വീട്ടിലെത്തിയ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് ഇന്നലെയും തിരക്കിന്റെ ഞായറാഴ്ചയായിരുന്നു.

രാവിലെ പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതിനുശേഷം തിരികെയെത്തിയ ഉമ്മൻ ചാണ്ടിയെ കാത്തു പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു.

ഓരോരുത്തരുടെയും പരാതികൾ ശ്രദ്ധയോടെ കേട്ട ഉമ്മൻ ചാണ്ടി എല്ലാത്തിനും പരിഹാരവും നിർദേശിച്ചു. ഭരണതലത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങൾ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കാമെന്നും ഉറപ്പു നൽകി.

തുടർന്നു മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യുഡിഎഫ് മണ്ഡലം കൺവൻഷനുകളിൽ പങ്കെടുക്കാൻ പ്രവർത്തകർക്കൊപ്പം തിരിച്ചു. മീനടം പഞ്ചായത്തിൽ ഒഴികെ എല്ലാ പഞ്ചായത്തുകളിലെയും കൺവൻഷനുകൾ ഇന്നലെതന്നെ പൂർത്തീകരിച്ചു. തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിനായി അഹോരാത്രം പ്രവ ർത്തിച്ച പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി അറിയിച്ചു.


മീനടം പഞ്ചായത്തിലെ കൺവൻഷൻ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. കൺവൻഷനുകൾ പൂർത്തീകരിച്ചതിനു ശേഷം കഴിഞ്ഞ ദിവസം മരണം നടന്ന വീടുകളിലും പങ്കെടുക്കാൻ സാധിക്കാത്ത വിവാഹ വീടുകളിലും സന്ദർശനം നടത്തി.

വൈകുന്നേരം നാലോടെ തിരികെ വീട്ടിലെത്തിയപ്പോഴും ആൾക്കൂട്ടം കുഞ്ഞൂഞ്ഞിനെ കാത്തു നിൽപ്പുണ്ടായിരുന്നു.

എല്ലാവരുടെയും പരാതികളും നിവേദനങ്ങളും സ്വീകരിച്ച ഉമ്മൻ ചാണ്ടി വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്കു തിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.