ഉണ്ണിരാജൻ എറണാകുളം റൂറൽ എസ്പി
Friday, May 27, 2016 12:54 PM IST
തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ എറണാകുളം റൂറൽ എസ്പി യതീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്‌ഥരെ സർക്കാർ സ്‌ഥലംമാറ്റി. ഇവരുടെ സ്‌ഥലംമാറ്റത്തെ എതിർത്ത സംസ്‌ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിന്റെ നടപടി തള്ളിയാണു സർക്കാർ നടപടി.

എറണാകുളം റൂറൽ എസ്പിയായി പി.എൻ. ഉണ്ണിരാജനെ നിയമിച്ചു. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് എസ്പിയായിരുന്നു ഉണ്ണിരാജൻ. കൊലപാതകം നടന്നിട്ടും സ്‌ഥലത്തു പോകാതെയും തെളിവു ശേഖരിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്ത പെരുമ്പാവൂർ ഡിവൈഎസ്പി അനിൽകുമാർ, സിഐ കെ.എൻ.രാജേഷ് എന്നിവരെയെയും സ്‌ഥലംമാറ്റി. എസ്പിയെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പും ഡിവൈഎസ്പിയെ ആഭ്യന്തരവകുപ്പും മാറ്റിയശേഷം സിഐയെ മാറ്റാനുള്ള ഉത്തരവ് ഉടനടി പുറത്തിറക്കാൻ ഡിജിപിക്കു നിർദേശം നൽകുകയായിരുന്നു.


അന്വേഷണം ശരിയായ രീതിയിലാണെന്നും ഉദ്യോഗസ്‌ഥർക്കെതിരേ നടപടി പാടില്ലെന്നുമായിരുന്നു ഡിജിപിയുടെ നിലപാട്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കുറ്റാന്വേഷണ വിദഗ്ധനായ എസ്പി പി.എൻ. ഉണ്ണിരാജനെ ഇന്നലെ രാവിലെ ഉൾപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.