അഞ്ജുവിന്റെയും ആശയുടെയും മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
അഞ്ജുവിന്റെയും ആശയുടെയും മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
Saturday, May 28, 2016 11:38 AM IST
ഏറ്റുമാനൂർ: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യുവിന്റെ മക്കളായ അഞ്ജുവിന്റെയും ആഷയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിക്കും. അന്നു രാവിലെ 10.30ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ സംസ്കാരം നടക്കും.

മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് ഓസ്ട്രേലിയൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് മൃതദേഹങ്ങളുമായി സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ഓസ്ട്രേലിയയിൽനിന്നു പുറപ്പെടും. ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ മൃതദേഹങ്ങൾ കാണക്കാരിയിലെ വീട്ടിൽ എത്തിക്കും.

മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന പട്ടികളുടെ വലിപ്പ വ്യത്യാസത്തിൽ ക്ലിയറൻസ് ലഭിക്കാതിരുന്നത് ഇന്നലെവരെ അനിശ്ചിതാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു.

ഇന്നലെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.ജോർജ് കുര്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സംസാരിക്കുകയും അവർ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സാഹചര്യമുണ്ടായതെന്നു ബന്ധുക്കൾ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിനാണു ബ്രിസ്ബേനിനു സമീപം അപകടമുണ്ടായത്. അഞ്ജുവിന്റെയും ആഷയുടെയും സഹോദരി, അനുവിനെ അവരുടെ താമസസ്‌ഥലത്താക്കിയശേഷം മടങ്ങുമ്പോൾ അവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അഞ്ജുവാണു വാഹനം ഓടിച്ചിരുന്നത്.

അഞ്ജുവും സഹോദരിമാരായ അനുവും എലിസബത്തും ഏതാനും വർഷങ്ങളായി ഓസ്ട്രേലിയയിൽ നഴ്സുമാരായി ജോലി ചെയ്യുകയായിരുന്നു. പ്ലസ്ടു പഠനം കഴിഞ്ഞ ആഷ രണ്ടു മാസം മുമ്പാണ് നഴ്സിംഗ് പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയത്.

അനുവും എലിസബത്തും ഇവരുടെ അമ്മയുടെ മാതൃസഹോദരനായ ഫാ. ജോർജ് കൊണ്ടുക്കാലായും നാട്ടിൽ എത്തിയിട്ടുണ്ട്. എലിസബത്തിന്റെ ഭർത്താവ് അനീഷ് ജോർജ് മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനായി ഓസ്ട്രേലിയയിൽ തങ്ങുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.