കരഞ്ഞു തളർന്ന് തിരൂർ ഗ്രാമം
കരഞ്ഞു തളർന്ന് തിരൂർ ഗ്രാമം
Sunday, May 29, 2016 12:28 PM IST
ശ്രീകണ്ഠപുരം: നിനച്ചിരിക്കാതെയുണ്ടായ വൻ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു പടിയൂർ–കല്യാട് ഗ്രാമപഞ്ചായത്തിലെ തിരൂർ ഗ്രാമം ഇനിയും മുക്‌തമായിട്ടില്ല. അഞ്ചു കുട്ടികളെ നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ കരഞ്ഞുതളർന്നിരിക്കുകയാണ് ഈ ഗ്രാമം. മരണവിവരമറിഞ്ഞു ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടികളുടെ വീടുകളിലേക്ക് ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക് ഇന്നലെയും തുടർന്നു.

വീട്ടിലെത്തിയവർ ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു പോലും അറിയാത്ത അവസ്‌ഥയിലായിരുന്നു. പൊന്നോമനകളെ നഷ്‌ടപ്പട്ട വേദനയിൽ വീടിനുള്ളിൽനിന്ന് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലവിളികൾ പലപ്പോഴും ഉച്ചത്തിലായി.

മാറത്തടിച്ചു നിലവിളിക്കുന്നവർ ദുഃഖത്തിൽ പങ്കുചേരാനെത്തിയവരെയും കണ്ണീരണിയിച്ചു. സലിജന്റെ വീട്ടിലാണു മരിച്ച കുട്ടികൾക്കെല്ലാം വേണ്ടി പ്രാർഥന നടത്തിയത്. വിവിധ സ്‌ഥലങ്ങളിൽനിന്നായി നിരവധി വൈദികരും കന്യാസ്ത്രീകളുമെത്തി പ്രത്യേക പ്രാർഥന നടത്തി.

മരണം നടന്ന മൂന്നു വീടുകളും ഒരു കിലോമീറ്റർ ചുറ്റളവിലാണ്. രണ്ടു മക്കളും നഷ്‌ടപ്പെട്ട ആക്കാപറമ്പിൽ സലിജന്റെ വീട്ടിലേക്ക് ഇന്നലെ രാവിലെയോടെ മറ്റു രണ്ടു വീടുകളിലുള്ളവരെയും ബന്ധുക്കളെയും എത്തിച്ചിരുന്നു.

മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, പടിയൂർ–കല്യാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ പി.പി. രാഘവൻ, കെപിസിസി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂർ, കെ.പി. ഗംഗാധരൻ, പി.ജെ. ആന്റണി, ബേബി തോലാനി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, സിപിഎം സംസ്‌ഥാനകമ്മിറ്റി അംഗം എം.വി. ജയരാജൻ, ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, സിപിഐ ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. മധുസൂദനൻ, അഡ്വ. എം.സി. രാഘവൻ, അഡ്വ. ടി.എ. ജസ്റ്റിൻ, ബെന്നി തോമസ് എന്നിവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.


<ആ>അന്ത്യനിദ്രയിലും അവർ ഒരുമിച്ച്...

ശ്രീകണ്ഠപുരം: പഠനത്തിലും കളിയിലും ഒരുമിച്ചായിരുന്ന അവരുടെ അന്ത്യവിശ്രമവും ഒന്നിച്ചായിരിക്കും. അകാലത്തിൽ വിടവാങ്ങിയ അഞ്ചു കുട്ടികളുടെയും മൃതദേഹം ഒരേ കല്ലറയിലാണു സംസ്കരിക്കുക. സംസ്കാരം നടക്കുന്ന തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ അഞ്ചു പേർക്കുമായി 15 അടി നീളവും ആറര അടി വീതിയിലുമുള്ള കല്ലറയാണു സജ്‌ജമാക്കിയിട്ടുള്ളത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ30രവൗൃരവബസമഹഹമൃമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സഹോദരങ്ങളുടെ മക്കളാണെങ്കിലും അവർ എപ്പോഴും കൂട്ടുകാരായിരുന്നു. കൂട്ടത്തിൽ ഇളയവനായ ഏഴു വയസുകാരൻ സെഫാനും മൂത്തവനായ 15കാരൻ അഖിലും ഉൾപ്പെടെ അഞ്ചുപേരും പഠനവും കളിയുമെല്ലാം ഒരുമിച്ചു തന്നെ. സംഭവം നടന്ന ശനിയാഴ്ച വീടിനു സമീപത്തെ മൂരിയംകാട്ടിൽ ജോസഫിന്റെ വീട്ടിൽ നടന്ന ഊട്ടുനേർച്ചയിൽ പങ്കെടുത്ത ശേഷം മാനിക്, അഖിൽ, ആയൽ എന്നിവർ ഒരിജയുടെയും സെഫാന്റെയും വീട്ടിലേക്കാണു വന്നത്.


ഇവിടെയുണ്ടായിരുന്ന അമ്മൂമ്മ ആലീസിനോടു പുഴയിൽ കുളിക്കാൻ പോകുന്ന വിവരം പറഞ്ഞപ്പോൾ അവർ തടയാൻ ശ്രമിച്ചിരുന്നെങ്കിലും സ്കൂൾ തുറന്നാൽ പിന്നെ പുഴയിൽ കുളിക്കാൻ വിടില്ലല്ലോ എന്നു പറഞ്ഞ് അമ്മൂമ്മയ്ക്കു മുത്തം നൽകിയാണ് എല്ലാവരും കുളിക്കാൻ പോയത്.

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ അഖിൽ പഠന–പാഠ്യേതര മേഖലയിൽ ഒന്നാമനായിരുന്നു. സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്ന അഖിൽ ട്രാഫിക് ബോധവത്കരണ പരിപാടികളിലും സജീവമായിരുന്നു. സ്കൂൾ വിട്ടാൽ ചെറിയ ക്ലാസുകളിലെ കുട്ടികളെ പലപ്പോഴും ബസ്സ്റ്റാൻഡിലെത്തിച്ചു ബസ് കയറ്റിവിടാൻ അഖിൽ എപ്പോഴും മുൻനിരയിലുണ്ടായിരുന്നതായി സഹപാഠികൾ പറഞ്ഞു.

എല്ലാവരുടെയും വീടുകൾ അടുത്തടുത്തായതിനാൽ സ്കൂൾ വിട്ടു വീട്ടിലെത്തിയാലും അവധിദിവസങ്ങളിലും അവർ എപ്പോഴും ഒരുമിച്ചായിരുന്നു.


<ആ>ദുരന്തത്തിൽ മരിച്ച കുട്ടികൾക്ക് ഇന്നു നാട് വിടചൊല്ലും

ശ്രീകണ്ഠപുരം (കണ്ണൂർ): ചമതച്ചാൽ കണിയാർകടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. തിരൂരിലെ ആക്കാപറമ്പിൽ സലിജൻ–ഷീജ ദമ്പതികളുടെ മക്കളായ ഒരിജ (13), സെഫാൻ (ഏഴ്), സലിജന്റെ സഹോദരൻ ബിനോയ്–മിനി ദമ്പതികളുടെ മകൻ മാനിക് (13), സലിജന്റെ സഹോദരി അനിത–കുറ്റിക്കാട്ടിൽ ജോസ് ദമ്പതികളുടെ മക്കളായ അഖിൽ (14), ആയൽ (12) എന്നിവരാണ് ശനിയാഴ്ച കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ ഒൻപതോടെ ഒരിജ, സെഫാൻ എന്നിവർ പഠിക്കുന്ന പയ്യാവൂർ സെന്റ് ആൻസ് സ്കൂളിലും തുടർന്ന് മാനിക്, അഖിൽ, ആയൽ എന്നിവർ പഠിക്കുന്ന പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് അഞ്ചുപേരുടെയും വീടുകളിൽ പൊതുദർശനത്തിനു വയ്ക്കും. ഇവിടെനിന്ന് മൃതദേഹങ്ങൾ സലിജന്റെ വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നിനു വീട്ടിൽ നടക്കുന്ന അന്ത്യകർമങ്ങൾക്കു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. തുടർന്ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലേക്കു വിലാപയാത്ര ആരംഭിക്കും.

3.30ന് ദേവാലയത്തിൽ നടക്കുന്ന അന്ത്യകർമങ്ങൾക്കു കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ് എന്നിവരുൾപ്പടെയുള്ളവർ ആദരാഞ്ജലികളർപ്പിക്കാനായി എത്തിച്ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.