നെൽവിത്ത് തെരഞ്ഞെടുക്കാനുള്ള അവകാശത്തിൽ കൈകടത്തുന്നതിനെതിരേ കർഷകരോഷം
Tuesday, May 31, 2016 12:35 PM IST
ആലപ്പുഴ: നെൽവിത്ത് തെരഞ്ഞെടുക്കാനുള്ള കർഷക അവകാശത്തിൽ കൈകടത്തുന്നതിനെതിരേ കർഷകരോഷം. രണ്ടാം കൃഷിക്ക് ആവശ്യമായ വിത്തിനുള്ള ഓർഡർ കർഷകർ പാടശേഖരങ്ങൾ നാഷണൽ സീഡ് കോർപറേഷനു നൽകുകയും അതനുസരിച്ച് അവർ വിത്തു ക്രമീകരിക്കുകയും ചെയ്തുകഴിഞ്ഞപ്പോഴാണ് സംസ്‌ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് സീഡ് അഥോറിറ്റിയുടെ നെൽവിത്തു വാങ്ങിയാൽ മാത്രമേ കർഷകർക്കു സബ്സിഡി നൽകുകയുള്ളൂവെന്ന് ഉത്തരവിറക്കിയത്.

കർഷകർക്ക് ആവശ്യമുള്ള നെൽവിത്ത് വർഷങ്ങളായി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ സീഡ് കോർപറേഷനും കർണാടക സീഡ് കോർപറേഷനുമാണ് നല്കുന്നത്. ഈ വിത്തുകൾക്ക് ഉയർന്ന ഗുണനിലവാരവും അങ്കുരണ ശേഷിയുമുള്ളതിനാൽ ഈ ഏജൻസികളുടെ വിത്തുവാങ്ങാനാണ് താല്പര്യം.

സംസ്‌ഥാന സീഡ് അഥോറിറ്റിയുടെ വിത്തിന്റെ വില കിലോഗ്രാമിനു 40 രൂപയാണ് ഈ തുക കർഷകർ മുൻകൂട്ടി അടയ്ക്കുകയും വേണം. അതേസമയം നാഷണൽ സീഡ് കോർപറേഷന്റെ വിത്തിന്റെ വില കിലോഗ്രാമിനു 36.50 രൂപയുമാണ്. ഇതിന്റെ പകുതി തുക മാത്രം മുൻകൂട്ടി അടച്ചാൽ മതി. ബാക്കി വിത്തു കൈപ്പറ്റുമ്പോൾ നല്കിയാൽ മതി. സംസ്‌ഥാന സീഡ് അഥോറിറ്റിയുടെ വിത്തിന്റെ ഗുണനിലവാരത്തെ പറ്റി കർഷകർക്കു പരാതിയുമുണ്ട്. ഇതു കർഷകർക്കു വിശ്വാസവും ബോധ്യവുമുള്ള നെൽവിത്തു തെരഞ്ഞെടുക്കാനുള്ള അവകാശത്തിലും സ്വാതന്ത്ര്യത്തിലുമുള്ള കൈകടത്തലായതിനാൽ പ്രതിഷേധാർഹമാണെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞു. സർക്കാർ അംഗീകാരമുള്ള ഏതു ഏജൻസിയുടെ വിത്തു വാങ്ങിയാലും കർഷകന് സബ്സിഡിയും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.