രാജ്യാന്തര തലത്തിലെ കേസുകൾ അന്വേഷിച്ച ബെഹ്റ ഇനി സംസ്‌ഥാന പോലീസ് മേധാവി
രാജ്യാന്തര തലത്തിലെ കേസുകൾ അന്വേഷിച്ച  ബെഹ്റ ഇനി  സംസ്‌ഥാന പോലീസ് മേധാവി
Tuesday, May 31, 2016 12:52 PM IST
തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ കേസുകൾ എൻഐഎയിലും (ദേശീയ അന്വേഷണ ഏജൻസി) സിബിഐയിലുമായി അന്വേഷിച്ച പ്രശസ്തിയിലുമാണ് ലോക്നാഥ് ബെഹ്റ കേരള പോലീസ് മേധാവിയാകുന്നത്.

2021 ജൂൺ വരെ ലോക്നാഥ് ബെഹ്റയ്ക്കു സർവീസുണ്ട്. അതായതു മറ്റ് തടസങ്ങളില്ലെങ്കിൽ അഞ്ചു വർഷത്തോളം കേരള പോലീസിനെ നയിക്കാൻ കഴിയും. ഇത്രയും കാലം കേരള പോലീസിനെ നയിച്ച ചുരുക്കം പേർ മാത്രമാണുള്ളത്.

ഒഡീഷ സ്വദേശിയായ ബെഹ്റ 1985 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനാണ്. പശ്ചിമബംഗാളിലെ പുരുളിയ ജില്ലയിൽ വിദേശ വിമാനത്തിൽ നിന്ന് എകെ 47 തോക്കുകളും ഉഗ്ര സ്ഫോടനശേഷിയുള്ള ഗ്രനേഡുകളുമടക്കം വൻ ആയുധശേഖരം വർഷിച്ച കേസ്, കാണ്ഡഹാർ വിമാനറാഞ്ചൽ കേസ്, മുംബൈ തുടർസ്ഫോടന കേസ്, കവയിത്രി മധുമിതയെ വെടിവച്ചു കൊന്ന കേസ്, സത്യേന്ദ്ര ദുബെ വധക്കേസ് എന്നിവ അന്വേഷി ച്ച സിബിഐ സംഘങ്ങളിൽ അംഗമായിരുന്നു.

2009ൽ ഡെപ്യൂട്ടേഷനിൽ വീണ്ടും എൻഐഎയിലെത്തിയ ബെഹ്റ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ അമേരിക്കയിലെത്തി ചോദ്യംചെയ്തതിലൂടെ രാജ്യാന്തര തലത്തിൽ പ്രശസ്തനായി. കാഷ്മീർ തീവ്രവാദി റിക്രൂട്ട്മെന്റ് അടക്കം കേരളത്തിലെ തീവ്രവാദക്കേസുകളിലെ അന്വേഷണം ഏകോപിപ്പിച്ചത് ലോക്നാഥ് ബെഹ്റയായിരുന്നു.


കേരളത്തിൽ എസ്പിയായും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് മേധാവിയായിരിക്കുമ്പോഴാണു സംസ്‌ഥാന പോലീസ് മേധാവിയായുള്ള നിയമനം.

<ആ>അധികാരത്തിനായി ആരുടെയും പിന്നാലെ പോയിട്ടില്ല: ബെഹ്റ

തിരുവനന്തപുരം: സ്‌ഥാനമാനങ്ങൾ തേടി താൻ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും സർക്കാർ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും നിയുക്‌ത പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

പോലീസ് തലപ്പത്തുനിന്നു മാറുന്ന ഡിജിപി ടി.പി. സെൻകുമാറുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തെ മാറ്റാനും തന്നെ നിയമിക്കാനും തീരുമാനിച്ചതു സർക്കാരാണ്. സിവിൽ സർവീസ് ഉദ്യോഗസ്‌ഥനെന്ന നിലയിൽ സർക്കാർ തീരുമാനം അനുസരിക്കാൻ ബാധ്യസ്‌ഥനാണ്. തന്നേക്കാൾ സീനിയറായ ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയ തീരുമാനവും സർക്കാരിന്റേതാണ്. സീനിയോറിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള വിവാദങ്ങൾ അസ്‌ഥാനത്താണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.