കോടികൾ തട്ടിയ രണ്ടുപേർ പിടിയിൽ
കോടികൾ തട്ടിയ രണ്ടുപേർ പിടിയിൽ
Thursday, June 23, 2016 1:37 PM IST
കട്ടപ്പന: വ്യാപാരികളിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത യുവാവും ഇയാളുടെ ഇടനിലക്കാരനും പോലീസ് പിടിയിൽ. ഇരട്ടയാർ മടുക്കോലിൽ ജിംസി ടോണി (37), ഇടനിലക്കാരനായിരുന്ന ഇരട്ടയാർ കുടയ്ക്കൽ രാജേഷ് (36) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.

2014 ൽ കട്ടപ്പന ടാക്സി െരഡെവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജിംസി ജോലി ചെയ്തിരുന്ന സമയത്ത് ഇടുക്കിയിൽ പുതുതായി ആരംഭിക്കുന്ന കാർഷിക വികസന ബാങ്കിൽ പ്യൂൺ ജോലി വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് ഇടിഞ്ഞമല സ്വദേശിയായ സുബിൻ വർഗീസിൽ നിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തതായും കേസുണ്ട്.

മലഞ്ചരക്ക് വ്യാപാരികളെ കബളിപ്പിച്ചു ലക്ഷങ്ങൾ അപഹരിച്ചതായും കേസുണ്ട്. വിപണി വിലയെക്കാൾ 50 മുതൽ 100 രൂപവരെ ഉയർന്ന തുക നൽകി ഏലക്കായ, കാപ്പി, ചുക്ക് തുടങ്ങിയവ വ്യാപാരികളിൽനിന്ന് സംഭരിച്ച് വിശ്വാസ്യത ആർജിച്ചശേഷമാണ് ഇയാൾ തട്ടിപ്പുനടത്തിയത്. വിപണിയിൽ വില ഉയരുമെന്ന് വിശ്വസിപ്പിച്ച് കൂടുതൽ ഉത്പന്നം വ്യാപാരികളെക്കൊണ്ട് വാങ്ങിപ്പിച്ചശേഷം ഇയാൾ സാധനങ്ങളുമായി മുങ്ങുകയായിരുന്നു. 40 ലക്ഷം രൂപയോളമാണ് കട്ടപ്പന മേഖലയിൽനിന്നു തട്ടിയെടുത്തത്.


തുടർന്ന് ഭാര്യയ്ക്കും മകനുമൊപ്പം മഞ്ചേരിയിലെത്തിയ ഇയാൾ അവിടെയും നിലമ്പൂരും സമാനമായ രീതിയിൽ തട്ടിപ്പുനടത്തി. ഇതിനുശേഷം അവിടെനിന്നു രക്ഷപ്പെട്ട് കാസർഗോഡ് എത്തി ഇലക്ട്രോണിക്സ് കടയിൽ താത്കാലിക ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

കട്ടപ്പന ഡിവൈഎസ്പി പി.കെ. ജഗദീഷിന്റെ നിർദേശാനുസരണം സിഐ ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മഹേഷ്കുമാർ, എഎസ്ഐ സജി ജോസഫ്, എസ്സിപിഒ സതീഷ്കുമാർ, സിപിഒമാരായ ദിലീപ്, വിനോദ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡ് ഒരാഴ്ചയിലധികമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. കേരളത്തിലുടനീളം നിരവധി പേരിൽനിന്നായി ജിംസി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. കട്ടപ്പന സ്റ്റേഷനിൽമാത്രം ഇതുവരെ എട്ടു പരാതികളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.