എറണാകുളം കായലിൽ വാട്ടർ സ്കൂട്ടർ മുങ്ങി യുവാവിനെ കാണാതായി; രണ്ടുപേർ രക്ഷപ്പെട്ടു
എറണാകുളം കായലിൽ വാട്ടർ സ്കൂട്ടർ മുങ്ങി യുവാവിനെ കാണാതായി; രണ്ടുപേർ രക്ഷപ്പെട്ടു
Thursday, June 23, 2016 1:56 PM IST
കൊച്ചി: എറണാകുളം കായലിൽ ഉല്ലാസയാത്രയ്ക്ക് ഇറക്കാനായി കേടുപാടു തീർത്ത് പരീക്ഷണ ഓട്ടം നടത്തിയ വാട്ടർസ്കൂട്ടർ മുങ്ങി യുവാവിനെ കാണാതായി; രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ബോൾഗാട്ടിക്കും എറണാകുളം മറൈൻഡ്രൈവിനും മധ്യേ കായലിലാണ് അപകടമുണ്ടായത്. വൈറ്റില ആർഎസ്എസി റോഡിൽ ഫുൾമൂൺ ഡെയിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത് വിശ്വനാഥന്റെ മകൻ വിനീഷിനെ (24) ആണ് കാണാതായത്. കണ്ണൂർ ആലക്കോട് നാരോലിക്കുന്നേൽ ജോമോൻ കുര്യൻ (36), തമിഴ്നാട് നൈനാർപാളയം സ്വദേശി ഗോവിന്ദ് രാജ് (26) എന്നിവരാണ് രക്ഷപ്പെട്ടത്. വിനീഷിനെ കണ്ടെത്താനായി ഇന്നലെ സന്ധ്യ വരെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.


ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) മറൈൻഡ്രൈവ് ബോട്ടിംഗ് ടെർമിനലിന്റെ നടത്തിപ്പുകാരായ ഭാമാ അഡ്വർടൈസേഴ്സിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടവർ. കായലിൽ ഉല്ലാസയാത്രയ്ക്ക് മൂന്നുപേർക്കു കയറാവുന്ന വേവ്റൈഡർ മറൈൻ ജെറ്റ് കേടുപാടു തീർത്ത് പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. തീരത്തു നിന്ന് നൂറുമീറ്റർ വരെ ഓടിച്ച് തിരിച്ചുവരാനൊരുങ്ങുമ്പോഴായിരുന്നു അപകടം.

ഫയർ ഫോഴ്സ്, പോലീസ്, കോസ്റ്റൽ പോലീസ് തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. തെരച്ചിൽ ഇന്നും തുടരും. വിനീഷിന്റെ ഭാര്യ അംബിക. ഒരു മകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.