ഭ്രൂണഹത്യാ നിയമം ഉദാരമാക്കരുത്: മാർ എടയന്ത്രത്ത്
Friday, June 24, 2016 1:46 PM IST
കൊച്ചി: മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ഉദാരമാക്കാനുളള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷൻ രൂപത ഡയറക്ടർമാരുടെയും പ്രൊലൈഫ് പ്രവർത്തകരുടെയും മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭ്രൂണഹത്യയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയിരിക്കുന്ന കരടു ബിൽ. ഇപ്പോൾ അലോപ്പതി ഡോക്ടർമാർക്കു മാത്രം കർശന നിയന്ത്രണത്തിലൂടെ ഗർഭഛിദ്രം നടത്താൻ അനുമതിയുണ്ട്. നിർദിഷ്‌ട കരടുബിൽ പ്രകാരം ഗർഭഛിദ്ര ശസ്ത്രക്രിയയ്ക്കു മിഡ്വൈഫ് നഴ്സുമാർക്കു പോലും അനുമതി നൽകാനാണു നീക്കം. ഇത് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെൺഭ്രൂണഹത്യയ്ക്കും ഗർഭഛിദ്രത്തിനും വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കുന്ന നിയമനിർമാണത്തിനെതിരേ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളും പൊതുസമ്മേളനങ്ങളും നടത്താൻ സമ്മേളനം തീരുമാനിച്ചു. വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ചു ജീവൻ സംരക്ഷണ സന്ദേശ റാലികൾ നട ത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബോധവത്കരണ സമ്മേളനങ്ങൾക്കു ഫാമിലി കമ്മീഷനും പ്രൊലൈഫ് സമിതിയും നേതൃത്വം നൽകും.


കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.പോൾ മാടശേരി അധ്യക്ഷതവഹിച്ചു. ഫാ.സിബിച്ചൻ, ഫാ ജോൺസൺ റോച്ച, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, അഡ്വ.ജോസി സേവ്യർ, മാർട്ടിൻ ന്യൂനസ്, കെ.എക്സ്. ആന്റണി, വി.എൻ. ജോബി, ജാൻസി ജോബി, ജോൺസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.