വൻകിട പദ്ധതികൾക്കു വായ്പയിലൂടെ പ്രത്യേക ഫണ്ട്
Friday, June 24, 2016 1:58 PM IST
തിരുവനന്തപുരം: വൻകിട പദ്ധതികൾ നടപ്പിലാക്കുന്നതിനു വായ്പയിലൂടെ പണം സ്വരൂപിക്കുന്ന സംവിധാനത്തിനു സർക്കാർ രൂപം നൽകും. ഇതിനായി സംസ്‌ഥാനത്തിന്റെ രണ്ടു ധനകാര്യസ്‌ഥാപനങ്ങളെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളായി (എൻബിഎഫ്സി) പുനർക്രമീകരിക്കും. നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ ഇതിനായി നിയമനിർമാണം നടത്തുമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നിബന്ധനകളനുസരിച്ച് ഈ സ്‌ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുന്നതോടെ വിദേശത്തുനിന്നു വായ്പ സമാഹരിക്കാൻ സാധിക്കും.

സംസ്‌ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ വാർഷിക പദ്ധതി നിയമസഭ അംഗീകരിച്ചതിന്റെ 60–70 ശതമാനം മാത്രമായിരുന്നു. ഇതു പൊതുനിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല സമൂഹത്തിന്റെ പാവപ്പെട്ടവരെയാണ് ഇതു കൂടുതലായി ബാധിച്ചത്. കേന്ദ്ര സർക്കാർ അനുവദിച്ചു തന്നിട്ടുള്ള വായ്പാപരിധി സംസ്‌ഥാനത്തിന്റെ ദൈനംദിന ചെലവ് നേരിടുന്നതിനു മാത്രമേ തികയൂ. ഇതേത്തുടർന്ന് റോഡുകൾ, പാലങ്ങൾ, മറ്റു വൻകിട അടിസ്‌ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയ്ക്ക് ഫണ്ട് അവശേഷിക്കാത്ത സ്‌ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണു വൻകിട പദ്ധതികൾക്കു പണം സ്വരൂപിക്കുന്നതിനു നൂതന മാർഗങ്ങൾ അവലംബിക്കുന്നത്.

റവന്യു വരവ് ഗണ്യമായി കുറഞ്ഞതിനു പിന്നിലുള്ള മുഖ്യകാരണങ്ങളായ അഴിമതിയും കെടുകാര്യസ്‌ഥതയും ഇല്ലാതാക്കി വരുമാനം വർധിപ്പിക്കാനുള്ള ശ്രമമുണ്ടാകും. പാവപ്പെട്ടവർക്കും പരമ്പരാഗത മേഖലകൾക്കും വേണ്ടിയുള്ള ആവശ്യ ചെലവ് ഉറപ്പു വരുത്തും. അതേസമയം, പാഴ്ചെലവുകൾ ഒഴിവാക്കും. ഇതുകൂടാതെയാണ് മൂലധന ചെലവിനായി വിപണിയിൽനിന്നു ഫണ്ട് സ്വരൂപിക്കുന്നത്.


സെക്രട്ടേറിയറ്റ് ഉൾപ്പെടെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് കൊണ്ടു വരും. കഴിവുള്ള ചെറുപ്പക്കാരെ പബ്ലിക് സർവീസിലേക്കു കൊണ്ടു വരിക, സർക്കാർ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുക, വകുപ്പുതല ചട്ടക്കൂട് ഇല്ലാതാക്കുക എന്നിവ ലക്ഷ്യങ്ങളാണ്. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും തൊഴിൽപരമായ കഴിവും വർധിപ്പിക്കാനായി പുതിയ പരിശീലനനയം രൂപീകരിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (ഐഎംജി) ഡയറക്ടർ ജനറലിനെ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് ആക്കി പദവി മാറ്റും.

പഞ്ചവത്സര പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. പതിമൂന്നാം പഞ്ചവത്സര പദ്ധതി തയാറാക്കാനുള്ള പ്രാരംഭ പ്രവർത്തനം ഉടൻ തുടങ്ങും. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കും. ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കുകളിൽ ഗണ്യമായി നിക്ഷേപിക്കും.

സ്വകാര്യ നിക്ഷേപം വഴി യുദ്ധകാലാടിസ്‌ഥാനത്തിൽ ആധുനിക അടിസ്‌ഥാന സൗകര്യങ്ങൾ നിർമിക്കും. ആധുനികവത്കരിക്കപ്പെട്ട റോഡ് സംവിധാനങ്ങൾ, വേഗത്തിലുള്ള റെയിൽപാതകൾ, കാര്യക്ഷമമായ ഉൾനാടൻ ജലഗതാഗതം, ആകർഷകമായ വിമാനത്താവളങ്ങളും തുറമുഖങ്ങളും, വ്യാവസായിക പാർക്കുകൾ, നിലവാരമുള്ള വൈദ്യുതി തുടങ്ങിയവ ഇങ്ങനെ ബജറ്റ് വിഹിതത്തിനു പുറമേ സ്വരൂപിക്കുന്ന ഫണ്ടിലൂടെ നിർമിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ പെൻഷൻകാരുടെ വീട്ടുപടിക്കലെത്തിക്കും. മൂന്നാം ഭരണപരിഷ്കാര സമിതി ശിപാർശ ചെയ്ത പ്രകാരം ജില്ലാ തലങ്ങളിലും ഉപജില്ലാതലങ്ങളിലും ഫലപ്രദമായ ജനസമ്പർക്ക പരിപാടികൾ സ്‌ഥിരമായി സംഘടിപ്പിക്കും.

നടപ്പു വർഷം തന്നെ ജെൻഡർ ബജറ്റിംഗ് കൊണ്ടു വരുമെന്നും തുടർനടപടിയായി ജെൻഡർ ഓഡിറ്റിംഗ് നടപ്പിലാക്കുമെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.